കെങ്കേമമായി മാമാങ്കം ഇന്ന് തിയേറ്ററുകളിലേക്ക്

മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ചെലവ് കൂടിയ ചിത്രങ്ങളിലൊന്നായ മാമാങ്കം ഇന്ന് തിയേറ്ററുകളിലെത്തും.
മമ്മൂട്ടി നായകനായി എത്തുന്ന ചിത്രം തുടക്കം മുതല്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. വേള്‍ഡ് വൈഡായി റിലീസിനെത്തുന്ന ചിത്രം 2000ത്തിലധികം സ്‌ക്രീനുകളിലാണ് ആദ്യദിവസം പ്രദര്‍ശിപ്പിക്കപ്പെടുക.

മലയാളസിനിമയില്‍ ഇതുവരെ നിര്‍മിക്കപ്പെട്ട എല്ലാ ചിത്രങ്ങളുടെയും ബജറ്റിനെ നിഷ്പ്രഭമാകുന്ന ബജറ്റാണ് മാമാങ്കത്തിന്റേത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 55 കോടിയാണ് ഈ ചിത്രത്തിന്റെ നിര്‍മ്മാണചെലവ് എന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിനായി മരടില്‍ ഒരുക്കിയ ബ്രഹ്മാണ്ഡ സെറ്റും വാര്‍ത്തയായിരുന്നു. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

എം പദ്മകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് മനോജ് പിള്ളയാണ്. സജീവ് പിള്ളയുടെതാണ് തിരക്കഥ. സഞ്ചിത് ബല്‍ഹാര, അങ്കിത് ബല്‍ഹാര എന്നിവര്‍ പശ്ചാത്തലസംഗീതവും എം ജയചന്ദ്രന്‍ സംഗീതവും ഒരുക്കിയിരിക്കുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലേക്കും മൊഴി മാറ്റിയെത്തുന്ന ചിത്രം, മലേഷ്യയിലും ഇന്തോനേഷ്യയിലും റിലീസ് ചെയ്യുന്നുണ്ട്.

മമ്മൂട്ടി കേന്ദ്രകഥാപാത്രമാകുന്ന ചിത്രത്തില്‍ പ്രാചി തെഹ്ലാനാണ് നായിക. ഇവര്‍ക്ക് ഒപ്പം ഉണ്ണി മുകുന്ദന്‍, അനു സിതാര, കനിഹ, സിദ്ദീഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, മാസ്റ്റര്‍ അച്യുതന്‍, ഇനിയ, നീരജ് മാധവ്, മണികണ്ഠന്‍, വത്സല മേനോന്‍, കവിയൂര്‍ പൊന്നമ്മ, മാലാ പാര്‍വ്വതി തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

വള്ളുവനാടിന്റെ ചരിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള മാമാങ്ക മഹോത്സവമാണ് ചിത്രത്തിന്റെ പ്രമേയം.  12 വര്‍ഷത്തിലൊരിക്കല്‍ മലപ്പുറം ജില്ലയിലെ തിരുന്നാവായ മണപ്പുറത്ത് മേടമാസത്തിലെ വെളുത്തവാവില്‍ നടക്കുന്ന മാമാങ്കത്തിന്റേയും ദേശാഭിമാനത്തിനു വേണ്ടി ജീവന്‍ വെടിഞ്ഞ ധീര ചാവേറുകളുടെയും കഥയാണ് ചിത്രം പറയുന്നത്.

admin:
Related Post