ആന്ധ്ര- തെലുങ്കാനയിൽ 100-ലധികം പ്രീമിയർ ഷോകളുമായി ലക്കി ഭാസ്കർ; കേരളത്തിൽ ഇല്ലാത്തതെന്തെന്ന ചോദ്യവുമായി ആരാധകർ

ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രമായ ലക്കി ഭാസ്കർ ഒക്ടോബർ 31 ന് ആഗോള റിലീസായി എത്തുകയാണ്. ദീപാവലിക്ക് വമ്പൻ റിലീസായി ഈ ചിത്രം കേരളത്തിലും ഗൾഫിലും വിതരണം ചെയ്യന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ്. വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത്, സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടൈൻമെൻറ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്ന് നിർമ്മിച്ച ഈ ചിത്രം അവതരിപ്പിക്കുന്നത് ശ്രീകര സ്റ്റുഡിയോസ്. ആന്ധ്ര, തെലുങ്കാന സംസ്ഥാനങ്ങളിൽ മെഗാ റിലീസായെത്തുന്ന ചിത്രം ഒക്ടോബർ 30 വൈകുന്നേരം 6 മണി മുതൽ നൂറിലധികം പ്രീമിയർ ഷോകളാണ് അവിടെ കളിക്കുക.

എന്നാൽ കേരളത്തിൽ വമ്പൻ പ്രേക്ഷക പിന്തുണയുണ്ടായിട്ടും ഈ ദുൽഖർ ചിത്രത്തിന്റെ പ്രീമിയർ ഷോകൾ കേരളത്തിൽ ഇല്ലാത്തതെന്തെന്ന ചോദ്യവുമായാണ് ആരാധകർ മുന്നോട്ട് വരുന്നത്. കേരളത്തിൽ ചിത്രത്തിന് പ്രീമിയർ ഷോകൾ ഇല്ലാത്തതിൽ അവർ കടുത്ത നിരാശയിലുമാണ്. ഏതായാലും ആന്ധ്ര- തെലുങ്കാന സംസ്ഥാനങ്ങളിലെ പ്രീമിയർ ഷോകളിലൂടെ ദീപാവലി റിലീസ് ചിത്രങ്ങൾക്കിടയിൽ വമ്പൻ കുതിപ്പ് നടത്താനുള്ള ഒരുക്കത്തിലാണ് ലക്കി ഭാസ്കർ. കൊച്ചി, ദുബായ് എന്നിവിടങ്ങളിൽ നടന്ന ചിത്രത്തിന്റെ പ്രീ റിലീസ് പ്രമോഷൻ ഇവന്റുകൾക്കും വമ്പൻ ജനപിന്തുണയാണ് ലഭിച്ചത്. ഇനി ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലും ചിത്രത്തിന്റെ പ്രമോഷൻ പരിപാടികളുമായി ദുൽഖർ സൽമാനും സംഘവും എത്തുന്നുണ്ട്.

മീനാക്ഷി ചൗധരി നായികാ വേഷം ചെയ്ത ഈ ചിത്രത്തിന്റെ ട്രൈലെർ, ഗാനങ്ങൾ എന്നിവയെല്ലാം ഇതിനോടകം വലിയ ശ്രദ്ധയാണ് നേടിയെടുത്തത്. തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യുന്ന ചിത്രം ഒരു പീരീഡ് ഡ്രാമ ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. ഒരു വർഷത്തിന് മുകളിലെ ഇടവേളക്ക് ശേഷം ദുൽഖർ നായകനായി റിലീസിനെത്തുന്ന ചിത്രം കൂടിയാണിത്. അത്കൊണ്ട് തന്നെ ലക്കി ഭാസ്കറിലുള്ള പ്രേക്ഷക പ്രതീക്ഷകളും ചിത്രത്തിനായുള്ള കാത്തിരിപ്പും വളരെ വലുതാണ്.

admin:
Related Post