തമിഴ് സിനിമയിൽ കലാ മൂല്യവും വിനോദ ഘടകങ്ങളും ഒരു പോലെ സമന്വയിപ്പിച്ച് സിനിമകൾ അണിയിച്ചൊരുക്കി വിജയം നേടിയ മുൻനിര സംവിധായകനാണ് സുശീന്ദ്രൻ. വെണ്ണിലാ കബഡി കുഴു, നാൻ മഹാൻ അല്ല , പാണ്ഡ്യനാട്, പായും പുലി, അഴകർ സാമിയിൻ കുതിരൈ എന്നിവ ഉദാഹണങ്ങളാണ്. സുശീന്ദ്രൻ , ശശി കുമാറിനെ നായകനും സംവിധായകരിൽ ജാംബവാനായ ഭാരതിരാജയെ കേന്ദ്ര കഥാപാത്രവുമാക്കി അണിയിച്ചൊരുക്കിയ പുതിയ ചിത്രമായ ” കെന്നഡി ക്ലബ് ” പ്രദർശനത്തിനെത്തുന്നു. കബഡി മത്സരത്തെ പാശ്ചാത്തലമാക്കിയുള്ള ഒരു ആക്ഷൻ എന്റർടെയിനറാണ് ചിത്രം. കബഡിയിൽ വിജയം നേടാൻ പരിശ്രമിക്കുന്ന പെൺകുട്ടികൾക്ക് പ്രതിബന്ധങ്ങൾ,അവഗണനകൾ , അവഹേളനങ്ങൾ എന്നിവയെ അതിജീവിച്ച് ലക്ഷ്യത്തിലെത്താൻ പ്രചോദനവും ആത്മവിശ്വാസവും നൽകുന്ന ജീവിത ഗന്ധിയായ , വൈകാരികതയും സംഘർഷവും നർമ്മവും നിറഞ്ഞ വിനോദ ചിത്രമാണ് ‘കെന്നഡി ക്ലബ് ‘.
സുശീന്ദ്രൻ തന്റെ പ്രസ്റ്റീജ് സിനിമയെ കുറിച്ച് ഇങ്ങനെ വിവരിച്ചു…
“നേരത്തേ ഞാൻ ക്രിക്കറ്റിലെ രാഷ്ട്രീയത്തെ കുറിച്ച് ജീവാ എന്ന സിനിമയിലൂടെ പറഞ്ഞിരുന്നു . അതിനേക്കാൾ വ്യത്യസ്തമായി 2017 – ൽ നടന്ന ഒരു സംഭവത്തെ ആധാരമാക്കിയാണ് കബഡിയുടെ പശ്ചാത്തലത്തിൽ കെന്നഡി ക്ലബ് ദൃശ്യവൽക്കരിച്ചിരിക്കുന്നത് . കബഡിയെ സംബന്ധിച്ചിടത്തോളം ഗ്രാമീണ പെൺകുട്ടികൾ ട്രൗസർ ധരിച്ചു കൊണ്ട് കളിക്കാൻ പോകുന്നത് വിവാദ വിഷയമാണ് . നാട്ടിൽ പലരും അവരെ കുറിച്ച് പലതരത്തിൽ മോശമായി സംസാരിക്കും . ബന്ധപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കൾക്ക് അത് വളരെയധികം മാനസിക പീഡനമായിരിക്കും . ഇതു പോലെ ഒട്ടേറെ അപമാനങ്ങൾ സഹിച്ചു കൊണ്ടാണ് അവർ കബഡി കളിക്കാൻ ഇറങ്ങുന്നത് .അവർ ഇതെല്ലം സഹിച്ചു കളിക്കാൻ വന്ന ശേഷം, ഈ കളിയിൽ നടക്കുന്ന രാഷ്ട്രീയം , ചതി , അസൂയ ഇതെല്ലാം സഹിച്ചും അതിജീവിച്ചും പെൺകുട്ടികൾ വിജയിക്കേണ്ടിയിരിക്കുന്നു .ഈ വിഷയങ്ങളെല്ലാം പ്രതിപാദിക്കുന്ന ഒരു കായിക വിനോദ ചിത്രമാണ് കെന്നഡി ക്ലബ് .
ഇന്ന് ലോകത്ത് മുപ്പത്തിരണ്ടു നാടുകളിൽ കബഡി കാളി നടക്കുന്നു.രാഷ്ട്രീയക്കാർക്കും സിനിമക്കാർക്കും പ്രായം ഒരിക്കലും തടസമാകില്ല .പക്ഷെ സ്പോർട്സ് അങ്ങനെയല്ല.നിശ്ചിത വയസു വരെ മാത്രമേ കളിക്കാൻ കഴിയു .ആ പ്രായം കഴിഞ്ഞാൽ കളിക്കാൻ കഴിയില്ല .ഈ പ്രശ്‍നം പെൺകുട്ടികൾക്കുമുണ്ട് .അവർ പല അവഹേളനങ്ങളും വിമർശനങ്ങളും കേട്ട് ആ പ്രായത്തിനുള്ളിൽ നേട്ടം കൈവരിക്കണം .പുരുഷന്മാർക്ക് ആ പ്രശ്നമില്ല .അതുകൊണ്ട് പെൺകുട്ടികളെ പ്രോത്സാഹിപ്പിക്കുന്ന ,അവരെ മഹത്വവൽക്കരിക്കുന്ന ഒരു സിനിമയായിട്ടാണ് ഇത് ചിത്രീകരിച്ചിരിക്കുന്നത് . അങ്ങനെ നേട്ടം കൈവരിച്ചു കൊണ്ടിരിക്കുന്ന റിയൽ കബഡി താരങ്ങളായ പെൺകുട്ടികളെയാണ് ഇതിൽ അഭിനയിപ്പിച്ചിരിക്കുന്നത് .
ഭാരതി രാജയും ശശികുമാറും കബഡി കോച്ചുകളായി മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു .നായകൻ ശശികുമാറിന്റെ ഗുരുവായി വൈകാരികമായ ഒരു കഥാപാത്രത്തെയാണ് ഭാരതിരാജ അവതരിപ്പിക്കുന്നത് . അദ്ദേഹം അഭിനയിച്ചു എന്ന് പറയുന്നതിനേക്കാൾ കഥാപാത്രമായി ജീവിക്കുകയായിരുന്നു എന്ന് പറയുന്നതാണ് ശരി. ഗുരുവും ശിഷ്യനും ചേർന്ന് കബഡി ടീമിനെ എങ്ങനെ സജ്ജമാക്കുന്നു എന്നതാണ് പ്രമേയം . നായിക മീനാക്ഷി രാജേന്ദ്രൻ പുതുമുഖമായത് കൊണ്ട് അവർക്കു മാത്രം പ്രത്യേക പരിശീലനം നൽകി . അഭിനയിക്കുന്നത് യഥാർത്ഥ കബഡി താരങ്ങളാണ് . കളിയും ചിരിയും വൈകാരിക മുഹൂർത്തങ്ങളുമുള്ള ഒരു കംപ്ലീറ്റ് എന്റർടൈനറായിരിക്കും കെന്നഡി ക്ലബ് .”
ആർ .ബി . ഗുരുദേവ് ഛായാഗ്രഹണവും , ഡി. ഇമാൻ സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു. ‘ തുപ്പറിവാളൻ ‘, ‘സുട്ടു പുടിക്ക ഉത്തരവ് ‘ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ ദിനേശ് കാശിയാണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. കബഡി മത്സരങ്ങൾ റിയലിസ്റ്റിക്കായിട്ടാണ് ചിത്രീകരിച്ചിരി lക്കുന്നത് എന്നതും ഈ ചിത്രത്തിന്റെ സവിശഷതയാണ്. പുതുമുഖം മീനാക്ഷി രാജേന്ദ്രനാണ് നായിക. സൂരി, ‘പാണ്ഡ്യനാട് ‘ നന്ദകുമാർ, മുരളി ശർമ്മ, മാക് ബന്ദ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ‘കെന്നഡിക്ലബ് ‘ സിൽവർ സ്ക്രീൻ പിക്ചേഴ്സ് മുരളി ആഗസ്റ്റ് 22 ന് /നാളെ കേരളത്തിൽ റിലീസ് ചെയ്യും.
# സി. കെ. അജയ് കുമാർ, PRO