മലയാളികളുടെ ഹാസ്യ നടി കല്പനയുടെ ഓർമകൾക്ക് ഏഴ് വയസ്സ്. വിട പറഞ്ഞിട്ടും കല്പനയുടെ ഇന്നും ഒഴിഞ്ഞു കിടക്കുന്നു. മലയാള സിനിമയിൽ അതുവരെയുണ്ടായിരുന്ന ഹാസ്യ കഥാപാത്രങ്ങളെ മാറ്റി
എഴുതിക്കൊണ്ടായിരുന്നു കല്പനയുടെ വരവ്. 1977 ൽ പുറത്തിറങ്ങിയ വിടരുന്ന മൊട്ടുകൾ എന്ന ചിത്രത്തിൽ കല്പന ബാലതാരമായി എത്തി. പിന്നീട് ശിവന്റെ യാഗം എന്ന ചിത്രത്തിൽ പ്രധാന വേഷം ചെയ്തു. തുടർന്ന് എം ടി വാസുദേവൻ നായരുടെ മഞ്ഞ്, അരവിന്ദന്റെ പൊക്കുവെയിൽ എന്നി ചിത്രങ്ങളിൽ അഭിനയിച്ചു. പോക്കു വെയിലെ നിഷ എന്ന കഥാപാത്രം കല്പനയുടെ കരിയറിലെ വഴിതിരിവായി മാറിയത്.
ഹാസ്യ വേഷങ്ങൾ മാത്രമല്ല നിരവധി സിനിമകളിൽ സ്വഭാവ നടിയായും കല്പന അഭിനയിച്ചു. “ചിന്നവീട് “എന്ന ചിത്രത്തിലൂടെ തമിഴകത്തും കല്പന തന്റെ സാന്നിധ്യമറിയിച്ചു. പിന്നീട് കമൽ ഹാസനൊപ്പം സതി ലീലാവതി, തിരുമഹി ഒരു ബഹുമതി, പമ്മൽ കെ സംബന്ധം എന്നി ചിത്രങ്ങളിലും കല്പന അഭിനയിച്ചു. ഡോക്ടർ പശുപതി എന്ന ചിത്രത്തിലെ യുഡിസി എന്ന കഥാപാത്രമാണ് കല്പനയിലെ ഹാസ്യ താരത്തെ അടയാളപെടുത്തിയത്. ഹാസ്യം മാത്രമല്ല ഏത് വേഷവും തന്റെ കയ്യിൽ ഭദ്രമാണെന്ന് കല്പന എത്രയോ തവണ തെളിയിച്ചു കളഞ്ഞു.
ജഗതി ശ്രീകുമാർ, ഇന്നസെന്റ്, ഹരി ശ്രീ അശോകൻ എന്നിവരുടെ ജോഡിയായി കല്പന തിളങ്ങി. പിടക്കോഴി കൂവുന്ന നൂറ്റാണ്ട്, കാബൂളിവാല, കാവടിയാട്ടം, സിഐഡി ഉണ്ണികൃഷ്ണൻ ബി എ ബി എഡ്, ചന്താമാമ, ആലിബാബയും ആറര കള്ളന്മാരും തുടങ്ങി നിരവധി ചിത്രങ്ങളിൽ മലയാളികൾ മറക്കാത്ത ഹാസ്യ കഥാപാത്രങ്ങൾ കല്പന സമ്മാനിച്ചിട്ടുണ്ട്. മൂന്നുറിലേറെ സിനിമകളിൽ കല്പന അഭിനയിച്ചിട്ടുണ്ട്. തന്റെ ഓർമ്മ കളുടെ സമാഹാരമായി ഞാൻ കല്പന എന്ന പേരിൽ ഒരു പുസ്തകവും പുറത്തിറക്കിയിരുന്നു. മാർട്ടിൻ പ്രക്കാട്ട് ഒരുക്കിയ ‘ചാർലി’ യാണ് ഒടുവിൽ അഭിനയിച്ച ചിത്രം. സംവിധായകൻ അനിലാണ് ഭർത്താവ്. 16 വർഷത്തെ ദാമ്പത്യത്തിനു ശേഷം അവർ വിവാഹമോചിതരായി. ഏക മകൾ ശ്രീമയി പ്രിയദർശിനി. ‘തനിച്ചല്ല ഞാൻ’ എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരവും നേടിയിട്ടുണ്ട്.