കടുവാ സിനിമകള്‍ക്കെതിരെ യഥാര്‍ത്ഥ കുറുവച്ചന്‍

തന്റെ ജീവിതത്തെ അധികരിച്ച് പ്രഖ്യാപിക്കപ്പെട്ട ചിത്രങ്ങള്‍ പുറത്തിറക്കാന്‍ അനുവദിക്കില്ലെന്ന് പാലാ സ്വദേശി കുരുവിനാക്കുന്നേല്‍ കുറുവച്ചന്‍.  പൃഥ്വിരാജിനെയും സുരേഷ് ഗോപിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രഖ്യാപിച്ച ചിത്രങ്ങള്‍ക്കെതിരെയാണ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. രണ്ട് ചിത്രങ്ങളുമായും യോജിക്കാനാകില്ല. തന്റെ ജീവിതം സിനിമയാക്കാനുള്ള അനുമതി വര്‍ഷങ്ങള്‍ക്ക് മുന്‍പേ രണ്‍ജി പണിക്കര്‍ക്ക് നല്‍കിയയതാണ്. താന്‍ എഴുതിക്കൊടുത്തതല്ലെങ്കിലും വാക്കാല്‍ സമ്മതം നല്‍കിയതാണ്. അതിനാല്‍ പ്രഖ്യാപിച്ച രണ്ടും എടുക്കാന്‍ താന്‍ സമ്മതിക്കില്ല. തന്റെ വേഷം മിനിമം മോഹന്‍ലാലെങ്കിലും ചെയ്യണമെന്ന ആഗ്രഹവും കുറുവച്ചന്‍ പങ്കുവെയ്ക്കുന്നു. ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥനുമായി കുറുവച്ചന്‍ നടത്തിയ വര്‍ഷങ്ങള്‍ നീണ്ട നിയമ പോരാട്ടമാണ് ചിത്രങ്ങള്‍ക്ക് ആധാരമാക്കുന്നത്. യഥാര്‍ത്ഥ കുറുവച്ചന്‍ രംഗത്തെത്തിയതോടെ ഇദ്ദേഹത്തിന്റെ പേരും ജീവിതവും പ്രമേയമാക്കി പ്രഖ്യാപിച്ച ചിത്രങ്ങള്‍ നിയമക്കുരുക്കിലാകും. നേരത്തേ ഷാജി കൈലാസ് ചിത്രമായ ‘കടുവ’യ്ക്ക് അനുകൂലമായി കോടതി വിധിയുണ്ടായിരുന്നു. എന്നാല്‍ ഈ സിനിമയും നിയമക്കുരുക്കില്‍പ്പെടുന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.
പൃഥ്വിരാജ് നായകനാകുന്ന ചിത്രം ഷാജി കൈലാസാണ് സംവിധാനം ചെയ്യുന്നത്. 8 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അദ്ദേഹം മലയാളത്തില്‍ ചിത്രമൊരുക്കുന്നത്. തന്റെ 250ാം ചിത്രത്തില്‍ കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രമായി സുരേഷ് ഗോപിയെത്തുന്നുവെന്നായിരുന്നു മറ്റൊരു പ്രഖ്യാപനം. മാത്യൂസ് തോമസാണ് സംവിധാനം. എന്നാല്‍ ഈ സിനിമയ്‌ക്കെതിരെ ഷാജി കൈലാസ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് ജിനു എബ്രഹാം എറണാകുളം ജില്ലാ കോടതിയെ സമീപിച്ചു. ഷാജി കൈലാസ് സംവിധാനം ചെയ്യാനിരിക്കുന്ന പൃഥ്വിരാജ് സുകുമാരന്‍ ചിത്രം ‘കടുവ’ എന്ന സിനിമക്കായി തയ്യാറാക്കിയ കഥാപാത്രത്തിന്റെ പേരും കഥാപശ്ചാത്തലവും സുരേഷ് ഗോപി ചിത്രത്തിനായി ഉപയോഗിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സംവിധായകന്‍  ജിനു കോടതിയെ സമീപിച്ചത്. പകര്‍പ്പവകാശ ലംഘനം ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതേ തുടര്‍ന്ന് കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന പേര് ഉപയോഗിക്കുന്നതും ഈ നായക കഥാപാത്രത്തെ മുന്‍നിര്‍ത്തി പ്രചരണങ്ങള്‍ നടത്തുന്നതും കോടതി വിലക്കി. കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രത്തിന്റെ പേര് കോപ്പിറൈറ്റ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തതിന്റെ രേഖകള്‍ ഹര്‍ജിഭാഗം കോടതിയില്‍ ഹാജരാക്കി. കഥാപാത്രത്തിന്റെ പേരടക്കം കടുവയുടെ തിരക്കഥയുടെ എല്ലാ സീനുകളും പ്രത്യേകം രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായി ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു. ഇതിന്റെ രേഖകളും ഹാജരാക്കി. ഇവ പരിഗണിച്ചാണ് സുരേഷ്ഗോപി ചിത്രത്തിന് കോടതി വിലക്കേര്‍പ്പെടുത്തിയത്.

admin:
Related Post