കെ.ടി.കുഞ്ഞുമോൻ നിർമ്മിക്കുന്ന ജെൻ്റിൽമാൻ2 വിൻ്റെ നായകനെ പ്രഖ്യാപിച്ചു. തമിഴ് – തെലുങ്ക് സിനിമകളിൽ അഭിനയിച്ചു ശ്രദ്ധേയനായിക്കൊണ്ടിരിക്കുന്ന യുവ താരം ചേതൻ ചീനുവാണ് എ. ഗോകുൽ കൃഷ്ണ സംവിധാനം ചെയ്യുന്ന ബ്രമ്മാണ്ഡ ചിത്രമായ ജെൻ്റിൽമാൻ2 വിലെ നായകൻ. നിർമ്മാതാവ് തന്നെയാണ് ഇക്കാര്യം തൻ്റെ ട്വിറ്റർ പേജിലൂടെ അറിയിച്ചത്. താരത്തിൻ്റെ തെലുങ്ക് ചിത്രമായ വിദ്യാർത്ഥി ഉടൻ പ്രദർശനത്തിനെത്തും. ഏറെ വാർത്താ പ്രാധാന്യം നേടിയ, മലയാളി നടി കാവേരി സംവിധാനം ചെയ്യുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത പാൻ ഇന്ത്യാ ചിത്രത്തിലും ചേതനാണ് നായകൻ. ഈ സിനിമയിൽ വ്യത്യസ്തമായ പന്ത്രണ്ട് മേക്കോവറിലാണ് അഭിനയിക്കുന്നത്. കൂടാതെ ‘ തഡാ’ എന്ന സിനിമയിലും അഭിനയിച്ചു വരുന്നു.
” കുഞ്ഞുമോൻസാറിനെ പോലൊരു ലെജൻഡ് നിർമ്മാതാവിൻ്റെ സിനിമയിൽ അവസരം കിട്ടുക എന്നത് ഭാഗ്യമാണ്. അതും ഇന്ത്യൻ സിനിമയുടെ തന്നെ മുഖച്ഛായ മാറ്റിയ ജെൻ്റിൽമാൻ്റെ രണ്ടാം ഭാഗത്തിൽ നായക പദവി ലഭിക്കുക എന്നത് എൻ്റെ മഹാ ഭാഗ്യമാണ്. ഒരു സിനിമക്ക് വേണ്ടി നീണ്ട താടി വളർത്തിയിരുന്ന സമയത്താണ് എന്നെ ഓഡിഷന് വിളിക്കുന്നത്. താടി ട്രിം ചെയ്യണം എന്ന് കുഞ്ഞുമോൻ സാർ പറഞ്ഞു. മറ്റൊന്നും ചിന്തച്ചില്ല. ഞാൻ നായകനാകും എന്ന ഉറപ്പില്ലാതിരുന്നിട്ടും, അഭിനയിച്ചു കൊണ്ടിരിക്കുന്ന പടത്തിൻ്റെ ഷൂട്ടിംഗിന് തടസ്സം വരും എന്നറിഞ്ഞിട്ടും അദ്ദേഹത്തിൻ്റെ വാക്കിനെ ബഹുമാനിച്ചു കൊണ്ടു ഞാൻ താടി ട്രിം ചെയ്തു. അതു കാരണം ആ പടത്തിൻ്റെ ഷൂട്ടിംഗ് നീട്ടേണ്ടി വന്നു. എനിക്കാകട്ടെ കുഞ്ഞുമോൻ സാറിൽ നിന്നും ഒരു ഉറപ്പും കിട്ടിയിരുന്നില്ല. ഇന്ന് ഞാനാണ് നായകൻ എന്ന അറിയിപ്പ് കണ്ട് അത്ഭുതപ്പെട്ടു. ഈ പടത്തിലെ നായക കഥാപാത്രത്തിന് വേണ്ടി താടി എടുക്കുക മാത്രമല്ല തല മൊട്ടയടിക്കണം എന്നു ആവശ്യപ്പെട്ടാലും ഞാൻ അനുസരിക്കും.” ചേതൻ വികാര ഭരിതനായി പറഞ്ഞു.
മലയാളികളായ നയൻതാരാ ചക്രവർത്തിയും പ്രിയാ ലാലുമാണ് ജെൻ്റിൽമാൻ2 വിലെ നായികമാർ. ഇന്ത്യൻ സിനിമയിലെ പ്രഗൽഭരായ അഭിനേതാക്കളും സാങ്കേതിക വിദഗ്ധരും ഈ മെഗാ പ്രോജക്ടിൻ്റെ ഭാഗമാകും. മരഗത മണി എന്ന കീരവാണിയാണ് സംഗീത സംവിധായകൻ. അജയൻ വിൻസെൻ്റ് ഛായഗ്രഹണവും, തോട്ടാധരണി കലാ സംവിധനവും നിർവഹിക്കുന്നു. ജെൻ്റിൽമാൻ ഫിലിം ഇൻ്റർ നാഷണലിൻ്റെ ബാനറിലാണ് കുഞ്ഞുമോൻ ജെൻ്റിൽമാൻ2 നിർമ്മിക്കുന്നത്.
സി. കെ. അജയ് കുമാർ,