ജ്യോതികയ്ക്ക് തന്റെ രണ്ടാം വരവിൽ ’36വയതിനിലേ ‘ നൽകിയ ഊർജ്ജം ചെറുതല്ല. ഈ ചിത്രത്തിന്റെ വിജയത്തോടെ പല സംവിധായകരും ജ്യോതികയ്ക്ക് വേണ്ടി കഥകൾ സൃഷ്ടിച്ച് കാത്തിരിക്കുന്നുണ്ടായിരുന്നു. എന്നാൽ ‘ കുറ്റ്റം കടിതൽ’ എന്ന തന്റെ ആദ്യ സിനിമയിലൂടെ തന്നെ ദേശീയ അംഗീകാരം നേടിയ സംവിധായകൻ ബ്രന്മയ്ക്കാണ് ജ്യോതികയെ നായികയാക്കി സിനിമ ചെയ്യാനുള്ള ഭാഗ്യം കരഗതമായത്. അതാണ് “മകളീർമട്ടും”. മാത്രമല്ല ജ്യോതികയ്ക്കൊപ്പം ഊർവ്വശി, ഭാനുപ്രിയാ, ശരണ്യാ, നാസർ, ലിവിങ്സ്റ്റൻ എന്നിങ്ങനെ പ്രതിഭാധനരായ അഭിനേതാക്കളേയും അണിനിരത്തി സിനിമ ചെയ്യാനായി എന്നത് ഒരു തുടക്കക്കാരനായ സംവിധായകനെ സംബന്ധിച്ചിടത്തോളം വലിയ നേട്ടവുമാണ് . കഥയിൽ ആകൃഷ്ടനായി നടൻ സൂര്യ തന്നെ തന്റെ 2ഡി എന്റർടെയിൻമെന്റിന്റെ ബാനറിൽ ചിത്രം നിർമ്മിക്കാൻ മുന്നോട്ട് വന്നതും ബ്രന്മയ്ക്ക് കരുത്തായി.പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജ്യോതികയുടെ “മകളീർമട്ടും”എന്ന സിനിമയെക്കുറിച്ച് രചയിതാവും സംവിധായകനുമായ ബ്രന്മ മനസു തുറക്കുന്നു …
” കഴിഞ്ഞ രണ്ടു വർഷത്തിനിടെ എനിക്കുണ്ടായ ജീവിതാനുഭവത്തിൽ ഉണ്ടായതാണ് “മകളീർമട്ടും”ന്റെ കഥ.എന്റെ ജീവിതത്തിൽ നടന്ന ആ സംഭവം തിരക്കഥയാക്കുന്നതിനു മുമ്പായി വൺലൈനുമായി ജ്യോതികാ മാഡത്തെ സമീപിച്ചു. കഥ കേട്ട അവർ ഒരു ദിവസത്തെ സാവകാശം തരുമോ എന്ന് ചോദിച്ചു. ഞാനും ഓകെ പറഞ്ഞു.
അടുത്ത ദിവസം എനിക്ക് ജ്യോതികയുടെ ഫോൺ വന്നു. “എനിക്ക് കഥ ഇഷ്ടപ്പെട്ടു. തീർച്ചയായും നമുക്കിത് ചെയ്യാം.സ്ക്രിപ്റ്റ് റെഡിയാക്കിക്കോളു”എന്ന് പറഞ്ഞു. ഇതിനിടെ പല കഥകളും കേട്ട് അതൊക്കെ അവർ റിജക്റ്റ് ചെയ്ത വിവരം ഞാൻ അറിഞ്ഞിരുന്നു. ഈ സന്ദർഭത്തിൽ എന്റെ കഥ ഇഷ്ടപ്പെട്ടു എന്ന് അവർ അറിയിച്ചപ്പോൾ എന്റെ സന്തോഷവും ആത്മവിശ്വാസവും വർദ്ധിച്ചു.അതിനു ശേഷം സൂര്യ സാറിനെ കണ്ട് കഥ പറഞ്ഞു. അദ്ദേഹം കഥ കേട്ട് എന്നെ അഭിനന്ദിച്ചു ഒപ്പം അദ്ദേഹം തന്നെ സിനിമ നിർമ്മിച്ചു കൊള്ളാം എന്നു കൂടി പറഞ്ഞപ്പോൾ എന്റെ എനർജിയും ഇരട്ടിച്ചു.
ജ്യോതിക സമ്മതം പറയുന്നതിനു മുൻപ് ഞാൻ വെറുമൊരു കഥ മാത്രമാണ് തയ്യാറാക്കി വെച്ചിരുന്നത് .പക്ഷേ അവർ അഭിനയിക്കാൻ സമ്മതിച്ചു എന്ന് വാർത്ത വന്നപ്പോൾ തന്നെ അത് ആരാധകരിൽ വലിയൊരു ‘ഹൈപ്പ്’സൃഷ്ടിച്ചു.അത് എനിക്ക് വെല്ലുവിളിയായി. വർഷങ്ങളായി അഭിനയിച്ചു കൊണ്ടിരിക്കുന്ന മികച്ച അഭിനേത്രിയാണവർ. ജ്യോതിക ലൊക്കേഷനിൽ വരുന്നത് തന്നെ റിഹേഴ്സലിനു ശേഷമാണ്. അത്രമാത്രം അവർ തന്റെ കഥാപാത്രത്തിനു വേണ്ടി തയ്യാറെടുപ്പ് നടത്തുന്നു എന്നത് എനിക്ക് വലിയ അത്ഭുതമായി തോന്നി. ബുള്ളറ്റ് ബൈക്ക് റൈഡും ബോട്ട് റൈഡിങ്ങുമൊക്കെ പഠിച്ച് കഥാപാത്രത്തിനു വേണ്ടി തന്നെ സജ്ജമാക്കി കൊണ്ടാണ് അവർ സെറ്റിൽ എത്തിയത്. ജ്യോതികയ്ക്ക് പിന്നാലെ ഊർവ്വശിയും , ഭാനുപ്രിയയും,ശരണ്യയും കൂടിയായപ്പോൾ എന്റെ ഉത്തരവാദിത്വം വർദ്ധിച്ചു. ഇവരുടെയെല്ലാം സിനിമകൾ കണ്ടു വളർന്നവനാണ് ഞാൻ. ഇവരെയാക്കെ വെച്ച് സിനിമ ചെയ്യാനുള്ള അവസരമുണ്ടായത് തികച്ചും യാദൃശ്ചികമായി കൈ വന്ന ഭാഗ്യമാണ്.
“മകളീർമട്ടും ” എന്ന് ടൈറ്റിൽ കേൾക്കുമ്പോൾ ഇത് പതിവ് സ്ത്രീ പ്രാധാന്യമുള്ള സിനിമയാണെന്ന് കരുതരുത്. ഈ സിനിമ വന്ന ശേഷം ആ അഭിപ്രായം തിരുത്തപ്പെടും.ഇവിടെ ആണും പെണ്ണും വെവ്വേറെ ആണെന്ന കാഴ്ചപ്പാടാണുള്ളത്. ഇവിടെ ആവശ്യം സ്ത്രീക്കും പുരുഷനും ഒരേ പോലെയുള്ള സമത്വമാണ്. അത് നമുക്ക് എങ്ങനെ സൃഷ്ടിക്കാനാവും ?. വഴക്കിട്ടിട്ടോ അതോ വാദപ്രതിവാദങ്ങൾ നടത്തിയിട്ടോ അല്ല .സ്നേഹം കൊണ്ടു മാത്രമേ അത് സാധ്യമാവു.! എങ്കിലേ അത് കാലങ്ങളെ അതിജീവിച്ച് നിലനിൽക്കയുള്ളൂ. ഇത് ഒരു സന്ദേശമല്ലാതെ സംഭവ മുഹൂർത്തങ്ങളായി കഥയിലൂടെ പറഞ്ഞിരിക്കയാണ് ഈ സിനിമയിൽ. സ്ത്രീ എന്നാൽ എന്തോ സൂക്ഷിച്ച് ഭദ്രമാക്കി വെയ്ക്കേണ്ട വസ്തുവാണെന്നാണ് മിക്കവരുടേയും ധാരണ. സമൂഹത്തിൽ ആണും പെണ്ണും വേറെ വേറെയല്ല.അത് ഈ ചിത്രം ബോധ്യമാക്കും.ഒരു എന്റർടെയിൻമെന്റ് മൂഡിൽ തന്നെയാണ് “മകളീർമട്ടും” ദൃശ്യവൽക്കരിച്ചിരിയ്ക്കുന്നത് .സ്ത്രീകൾക്കും കുട്ടികൾക്കും പുരുഷൻമാർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന ആസ്വാദ്യകരമായ വിനോദ ചിത്രമായിരിക്കും “മകളീർമട്ടും’.” ബ്രന്മ പറഞ്ഞു.
എസ്. മണികണ്ഠൻ ഛായാഗ്രഹണവും ജിബ്രാൻ സംഗീത സംവിധാനവും നിർവഹിച്ചിരിയ്ക്കുന്ന “മകളീർമട്ടും” ക്രിസ് പിക്ചേർസുമായി സഹകരിച്ചു കൊണ്ട് സൂര്യയുടെ 2ഡി എന്റർടെയിൻമെന്റാണ് നിർമ്മിച്ചിരിക്കുന്നത്.
– സി.കെ.അജയ് കുമാർ,പി.ആർ. ഒ.