ബോളിവുഡിൽ കഴിഞ്ഞ വര്‍ഷം വൻ ബോക്സോഫീസ് വിജയം നേടിയ സിനിമ, വിദ്യാബാലന്റെ ‘തുമാരി സുലു’ തമിഴില്‍ പുനരാവിഷ്കരിക്കപ്പെടുന്നു. സുരേഷ് ത്രിവേണി രചനയും സംവിധാനവും നിർവഹിച്ച ,പ്രേക്ഷകരുടെ മുക്തകണ്ഠമായ പ്രശംസ നേടിയ ഈ ചിത്രം വീട്ടമ്മയായ സുലോചന എന്ന സ്ത്രീ റേഡിയോ ജോക്കിയാവുന്നതും അനന്തര സംഭവങ്ങളും ഹാസ്യത്മകമായി ദൃശ്യവൽക്കരിക്കപ്പെട്ട സിനിമയായിരുന്നു .
ഏറെ അഭിനന്ദനങ്ങളും ജനപ്രീതിയും നേടിയ ‘തുമാരി സുലു‘ തമിഴിൽ സംവിധാനം ചെയ്യാൻ അവസരം കിട്ടിയ ആഹ്ലാദത്തിലും ആവേശത്തിലുമാണ് താനെന്ന് സംവിധയകന്‍ രാധാമോഹന്‍. പ്രത്യേകിച്ച് ജ്യോതികയെ വെച്ച് വീണ്ടും ഒരു പടം ചെയ്യാൻ അവസരം കിട്ടിയതിൽ.’മൊഴി’യാണ് ജ്യോതികയുമായി നേരത്തേ ഒന്നിച്ച സിനിമ. അവരുടെ റിയലിസ്റ്റിക്കായ അഭിനയം സ്തുത്യര്‍ഹമാണ്. ‘മൊഴി’യ്ക്ക് ശേഷം അവരുമായി ചേരുമ്പോള്‍ തമിഴിൽ വീണ്ടുമൊരു മാജിക് ഈ സിനിമയിലൂടെ സൃഷ്ടിക്കാൻ കഴിയും എന്ന ആത്മവിശ്വാസം തനിക്കുണ്ടെന്നും രാധാ മോഹൻ പറയുന്നു.
വിവാഹാനന്തര ഇടവേളക്ക് ശേഷം ശക്തമായ തിരിച്ചു വരവാണ് ജ്യോതിക നടത്തിയിരിയ്ക്കുന്നത്. 36 വയതിനിലേ,മകളീർ മട്ടും എന്നീ സിനിമകളെ തുടർന്ന് ഒടുവില്‍ റിലീസായ ബാലാ ചിത്രമായ നാച്ചിയാരുടെ മഹത്തായ വിജയവും ജ്യോതികയ്ക്ക് അഭിനയത്തിൽ സജീവമാകാൻ ഉത്തേജനം പകർന്നിരിക്കയാണ് .‘തുമാരി സുലു’ തമിഴ് പുനരാവിഷ്ക്കാരമായ ചിത്രത്തിലെ ഇതര താര – സാങ്കേതിക വിദഗ്ദരുടെ നിർണ്ണയം ധൃതഗതിയിൽ നടന്നു വരുന്നതായും ഉടൻ തന്നെ ചിത്രീകരണം ആരംഭിക്കുമെന്നും നിർമ്മാതാവ് ധനജ്ഞയൻ അറിയിച്ചു.
# സി.കെ. അജയ്കുമാർ .