

കളമശേരി:’ലഹരിക്കെതിരെ കൈകോര്‍ത്ത് സിനിമ, ടെലിവിഷന്‍, മീഡിയ മേഖലയിലെ പ്രമുഖര്‍. കളമശേരി സെന്റ് പോള്‍സ് കോളജ് ഗ്രൗണ്ടില്‍ ഇന്നലെ ആരംഭിച്ച് ബ്രാഞ്ച് എക്‌സ് സി.സി.എഫ് പ്രീമിയര്‍ ലീഗിന്റെ ഭാഗമായാണ് സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അഭിനേതാക്കളും ടെക്‌നീഷന്മാരും ലഹരിക്കെതിരെ കൈകോര്‍ത്തത്. ചടങ്ങില്‍ മുഖ്യമാതിഥിയായി പങ്കെടുത്ത കേരള രഞ്ജി ക്രിക്കറ്റി ടീം ക്യാപ്റ്റന്‍ സച്ചിന്‍ ബേബി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ഇക്കാലത്തും സേ നോ ടു ഡ്രഗ്‌സ് എന്ന് വീണ്ടും വീണ്ടും പറയേണ്ടി വരുന്നത് നമ്മുടെ പരാജയമാണെന്ന് നടനും സീഹോഴ്സ് സെയ്ലേഴ്സ് ടീം സെലിബ്രിറ്റി ഓണറുമായ ഉണ്ണി മുകുന്ദന്‍ പറഞ്ഞു. ഷൂട്ടിംഗ് സെറ്റുകളില്‍ എതു നിലയിലുള്ള പരിശോധനകളെ സ്വാഗതം ചെയ്യുന്നതായും കൃത്യമായ ഇടവേളകളില്‍ ഇത്തരം പരിശോധനകള്‍ തുടരണമെന്നും സി.സി.എഫ് പ്രസിഡന്റ് അനില്‍ തോമസ് പറഞ്ഞു.
തൃക്കാക്കര എ.സി.പി പി.വി. ബേബി, കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണര്‍ വിവേക് വാസുദേവന്‍, എന്‍.സി.ബി സോണല്‍ ഹെഡ് വേണുഗോപാല്‍ ജി കുറുപ്പ്, എന്‍.സി.ബി ഇന്‍സ്‌പെക്ടര്‍ അതുല്‍ കുമാര്‍ ദിവേദി, അഭിനേതാക്കളായ നരേന്‍, സിജു വില്‍സണ്‍, അഖില്‍ മാരാര്‍, ഋതു മന്ത്ര, ശോഭാ വിശ്വനാഥ്, സിസിഎഫ് സെക്രട്ടറി സ്ലീബ വര്‍ഗീസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.