ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ‘ലക്കി ഭാസ്കർ’ റിലീസ് ഒക്ടോബർ 31 ന് ദീപാവലിക്ക്. വെങ്കി അറ്റ്ലൂരി രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം കേരളത്തിനൊപ്പം ഗൾഫ് രാജ്യങ്ങളിലും വമ്പൻ റിലീസായി വിതരണം ചെയ്യുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ്. കേരളത്തിന് പുറമെ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലേക്കും വ്യാപിപ്പിച്ച വേഫെറർ ഫിലിംസിന്റെ വിതരണശൃംഘല ആദ്യമായി ഗൾഫിൽ വിതരണം ചെയ്യുന്ന ചിത്രം കൂടിയാണ് ലക്കി ഭാസ്കർ. തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിൽ ഈ ചിത്രം വേഫെറർ ഫിലിംസ് ഗൾഫ് രാജ്യങ്ങളിൽ റിലീസ് ചെയ്യും. കേരളത്തിൽ ഇതിനോടകം ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ വിതരണം ചെയ്ത വേഫെറർ ഫിലിംസ്, ഇന്ത്യൻ സിനിമകളുടെ ഏറ്റവും വലിയ അന്താരാഷ്ട്ര മാർക്കറ്റുകളിലൊന്നായ മിഡിൽ ഈസ്റ്റിലേക്ക് കൂടി വ്യാപിപ്പിക്കുന്നത് നടനെന്നതിലുപരി ഒരു നിർമ്മാതാവും വിതരണക്കാരനുമെന്ന നിലയിൽ കൂടി ദുൽഖർ സൽമാന്റെ വലിയ നേട്ടങ്ങളിലൊന്നാണ്.
കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രത്തിന്റെ ട്രൈലെർ സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധയാണ് നേടുന്നത്. ഒരു “സാധാരണക്കാരന്റെ അസാധാരണ യാത്ര” എന്ന വിശേഷണത്തോടെ എത്തുന്ന ചിത്രം സസ്‌പെൻസും ആകാംഷയും ഡ്രാമയും നിറഞ്ഞ ഒരു പീരീഡ് ചിത്രമാണ് എന്നാണ് ട്രെയിലർ സൂചിപ്പിക്കുന്നത്. പണത്തിനായി എന്ത് അപകടവും ഏറ്റെടുക്കാൻ തയ്യാറുള്ള ഭാസ്കർ കുമാറിൻ്റെ കഥ, 80കളുടെയും 90കളുടെയും ബോംബെ നഗരത്തിന്റെ പശ്‌ചാത്തലത്തിലാണ് അവതരിപ്പിക്കുന്നത്.
സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടൈൻമെൻറ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ് ലക്കി ഭാസ്കർ നിർമ്മിച്ചിരിക്കുന്നത്. ചിത്രം അവതരിപ്പിക്കുന്നത് ശ്രീകര സ്റ്റുഡിയോസ്. കല്യാണി പ്രിയദർശൻ, നസ്‌ലൻ ടീമൊന്നിക്കുന്ന അരുൺ ഡൊമിനിക് ചിത്രമാണ് വേഫെറർ ഫിലിംസ് ഇപ്പോൾ മലയാളത്തിൽ നിർമ്മിക്കുന്നത്.