മലയാളത്തിൽ വീണ്ടും ഇരട്ട തിരക്കഥാകൃത്തുക്കൾ ; “ഇനി ഉത്തരം” വരുന്നു

ഹിറ്റ് ഒരുക്കാൻ പുതുമുഖ ഇരട്ട തിരക്കഥാകൃത്തുക്കൾ ആദ്യ ചിത്രവുമായി എത്തുന്നു. മലയാളത്തിൽ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ ഇരട്ട എഴുത്തുകാർ എന്ന നിലയിൽ പ്രശസ്തരായവരാണ് സിദ്ദീഖ്-ലാൽ, ഉദയകൃഷ്ണ-സിബി കെ തോമസ്, റാഫി-മെക്കാർട്ടിൻ , ബോബി-സഞ്ജയ്, സച്ചി-സേതു തുടങ്ങിയവർ ആ നിരയിലേക്ക് മലയാളത്തിൽ ഇനി പുതിയ പേരുകാർ കൂടി എത്തുന്നു രഞ്ജിത്ത് ഉണ്ണി. ഒറ്റ പേരാണ് ഇതെന്ന് തെറ്റിദ്ധരിച്ചേക്കാം എന്നാൽ അവർ സഹോദരങ്ങളാണ്. ഒരുവർഷം മുൻപാണ് രഞ്ജിത്തും ഉണ്ണിയും(സനീഷ്) “ഇനി ഉത്തരം” എന്ന തങ്ങളുടെ ആദ്യ മലയാള സിനിമയുടെ പണിപ്പുരയിലേക്ക് കടന്നത്.

ആ സ്വപ്ന സാക്ഷാത്കാരം അതിന്റെ പൂർണ്ണതയിലേക്ക് എത്തുന്നതിന്റെ സന്തോഷത്തിലാണ് ഇരുവരും . അപർണ്ണ ബാലമുരളി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന “ഇനി ഉത്തരം” എന്ന സിനിമ അടുത്ത മാസം പ്രദർശനത്തിന് എത്തുമ്പോൾ സഹോദരങ്ങളായ ഇരട്ട തിരക്കഥാകൃത്തുക്കളെയാണ് മലയാള സിനിമയ്ക്ക് ലഭിക്കുന്നത്.

സൗഹൃദ കൂട്ടായ്മയാണ് സിനിമാ യാത്രയിൽ ഇരുവരുടെയും പിൻബലം. ആദ്യം പ്രവർത്തിച്ചത് പുതുമുഖങ്ങൾ പ്രധാന വേഷത്തിലെത്തിയ തമിഴ് ചിത്രത്തിന് വേണ്ടിയായിരുന്നു. ആ സിനിമ നൽകിയ സൗഹൃദവും അനുഭവങ്ങളുമാണ് ആദ്യ മലയാള ചിത്രത്തിലേക്കുള്ള യാത്രയ്ക്ക് വഴിയൊരുക്കിയത്. അസാധാരണ കാര്യങ്ങൾ നേടിയെടുക്കുന്ന സാധാരണക്കാരയ സ്ത്രീകളുടെ ജീവിതവും ഇനി ഉത്തരത്തിലെ ജാനകി എന്ന കഥാപാത്രത്തിന്റെ സൃഷ്ടിക്ക് കാരണമായിട്ടുണ്ടെന്ന് എഴുത്തുകാരിൽ ഒരാളായ രഞ്ജിത്ത് പറയുന്നു. രണ്ടു പേരുടെയും ആഗ്രഹം എഴുത്തിന് ഒപ്പം തന്നെ സംവിധാനം എന്നതു കൂടിയാണ്. സനീഷ് സെസ്സിലും രഞ്ജിത്ത് മലപ്പുറത്ത് ഒരു ഇലട്രിക്കൽ കമ്പനിയിലും ജോലി ചെയ്യുകയായിരുന്നു. ഇടവേളകളിൽ കണ്ടുമുട്ടുമ്പോഴൊക്കെ സിനിമ മാത്രമായിരുന്നു സഹോദരങ്ങൾ മറ്റ് കാര്യങ്ങളെക്കാൾ സംസാരിച്ചിരുന്നത്. എഴുത്തുകാരാകുന്നതിന് മുൻപേ രണ്ടു പേരും സംവിധാന സഹായികളാകുവാനാണ് ആദ്യം ശ്രമിച്ചത്. മോഹനകൃഷ്ണൻ എന്ന സംവിധായക സുഹൃത്ത്  പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ തമിഴ് സിനിമയിലൂടെയാണ് ആദ്യമായി ചലച്ചിത്ര ലോകത്തിലെത്തിയത്.  

ഹൊറർ ഒഴിച്ച് മറ്റെല്ലാ യോണറിൽപ്പെട്ട സിനിമകളും ഇഷ്ട്ടമാണ് രഞ്ജിത്തിന്. തമിഴ് സിനിമയുടെ വർക്ക് പൂർത്തിയാക്കിയതിന് ശേഷമാണ് ഇനി ഉത്തരത്തിന്റെ ഐഡിയ കിട്ടുന്നത്. തമിഴ് സിനിമയിൽ നിന്നാണ് ധീരജ് പള്ളിയിലിനെ ഇരുവരും പരിചയപ്പെടുന്നത്. ആ ബന്ധമാണ് പിന്നീട് ഇരുവരെയും സംവിധായകൻ സുധീഷ് രാമചന്ദ്രനിലേക്ക് എത്തിച്ചത്. കൃഷ്ണകുമാർ എന്ന മുൻ പോലീസ് ഉദ്യോഗസ്ഥനാണ് എഴുത്തിൽ പോലീസുമായി ബന്ധപ്പെട്ട് കാര്യങ്ങൾക്ക് ക്ലാരിറ്റിയുണ്ടാക്കാനും ചിത്രത്തിന്റെ നിർമ്മാതാക്കളായ വരുൺ അരുൺ എന്നിവരിലേക്കും എത്തിച്ചത്. അങ്ങനെയാണ് ഇരുവരെയും എഴുത്തുകാരായി എത്തുന്ന “ഇനി ഉത്തരം” എന്ന ചിത്രത്തിന്റെ പിറവി സംഭവിക്കുകയും ചെയ്യുന്നത്.

എ&വി എന്റർടെയിന്റ്മെന്റിന്റെ ബാനറിൽ സഹോദരന്മാരായ വരുൺ, അരുൺ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. “ഇനി ഉത്തരം” ഒക്ടോബറിൽ പ്രദർശനത്തിനെത്തും. ഹരീഷ് ഉത്തമൻ, ചന്തുനാഥ്, സിദ്ധാർഥ് മേനോൻ, സിദ്ദീഖ്, ജാഫർ ഇടുക്കി, കലാഭവൻ ഷാജോൺ, ഷാജുശ്രീധർ, ജയൻ ചേർത്തല, ദിനീഷ് പി,ഭാഗ്യരാജ് എന്നിവരും ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രഞ്ജിത്ത്- ഉണ്ണി എന്നിവർ രചന നിർവ്വഹിച്ച ഇനി ഉത്തരത്തിന്റെ ഛായാഗ്രാഹകൻ രവിചന്ദ്രനാണ്.വിനായക് ശശികുമാറിന്റെ വരികൾക്ക് ഹിഷാം അബ്ദുൽ വഹാബ് സംഗീതം ഒരുക്കുന്നു. എഡിറ്റർ-ജിതിൻ ഡി.കെ. പ്രൊഡക്‌ഷൻ കൺട്രോളർ റിന്നി ദിവാകർ, വിനോഷ് കൈമൾ. കല അരുൺ മോഹനൻ. മേക്കപ്പ്-ജിതേഷ് പൊയ്യ. വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണൻ. സ്റ്റിൽസ് ജെഫിൻ ബിജോയ്.  ഡിജിറ്റൽ പിആർഒ: വൈശാഖ് സി. വടക്കേവീട്. പരസ്യകല ജോസ് ഡോമനിക്. ചീഫ് അസോഷ്യേറ്റ് ഡയറക്ടർ ദീപക് നാരായൺ.

admin:
Related Post