ആടുജീവിതം തിയേറ്ററുകളിൽ മികച്ച പ്രതികരണങ്ങളോടെ കുതിക്കുകയാണ്. ബെന്യാമിന്റെ കഥയിൽ നജീബായി പൃഥ്വി എത്തിയപ്പോൾ അക്ഷരാർത്ഥത്തിൽ ബ്ലസി ചിത്രം ഞെട്ടിപ്പിക്കുകയും ചെയ്തു. പതിനാറ് വർഷത്തെ ബ്ലെസ്സിയുടെയും പൃഥ്വിരാജിന്റെയും പ്രയത്നത്തിന്റെ വിജയം കൂടിയാണ് ഇപ്പോൾ ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്ന ജനപിന്തുണ. മലയാളത്തിൽ 2 ലക്ഷത്തോളം കോപ്പികൾ വിറ്റഴിഞ്ഞ നോവൽ കൂടിയാണ് യഥാർത്ഥ സംഭവവികാസങ്ങളെ ആസ്പദമാക്കി ബെന്യാമിൻ എഴുതിയ ആടുജീവിതം. നജീബ് എന്ന വ്യക്തി പ്രവാസ ജീവിതത്തിൽ അനുഭവിച്ച ദുരിതങ്ങളും അതിജീവനവും പ്രമേയമാക്കിയാണ് ബെന്യാമിൻ ആടുജീവിതമെഴുതിയത്.
യഥാർത്ഥ ജീവിതത്തിലെ നജീബിന് സിനിമയുടെ അണിയറപ്രവർത്തകർ എന്ത് നൽകിയെന്ന ചോദ്യം സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു.
ഇപ്പോഴിതാ അതിന് മറുപടി പറഞ്ഞിരിക്കുകയാണ് സംവിധായകൻ ബ്ലെസ്സി. ആടുജീവിതം സിനിമയാക്കുന്നതിന് വേണ്ടി എഴുത്തുകാരൻ ബെന്യാമിന് നൽകിയ തുകയെക്കാൾ പത്തിരട്ടി തുക നജീബിന് എത്തിയിട്ടുണ്ടെന്നാണ് ബ്ലെസ്സി പറയുന്നത്.
റിലീസ് ചെയ്ത് ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് 90 കോടിയോളം രൂപയാണ് ആടുജീവിതം വേൾഡ് വൈഡ് കളക്ഷനായി സ്വന്തമാക്കിയത്.വിഷ്വൽ റൊമാൻസിന്റെ ബാനറിലാണ് ആടുജീവിതമൊരുക്കിയത്. എ.ആർ റഹ്മാൻ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന് വേണ്ടി റസൂൽ പൂക്കുട്ടിയാണ് ശബ്ദ മിശ്രണം ചെയ്തത്. കെ.എസ്. സുനിലാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ശ്രീകർ പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്.