ന്യൂഡൽഹി: മൻമോഹൻ സിംഗിനേക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തെത്തുടർന്നുണ്ടായ ബിജെപി–കോൺഗ്രസ് വാക്പോരിനു വിരാമം. ഇരുവിഭാഗവും പാർലമെന്റിൽ സമവായ പ്രസ്താവന നടത്തി.
മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെയോ മുൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരിയെയോ നരേന്ദ്ര മോദി മനഃപ്പൂർവം അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് മന്ത്രി അരുൺ ജയ്റ്റ്ലി രാജ്യസഭയിൽ പറഞ്ഞു. ഇരുവരോടും അവർക്ക് ഇന്ത്യയോടുള്ള പ്രതിബദ്ധതയിലും വളരെ ആദരവാണു ഞങ്ങൾക്കുള്ളതെന്നും ജയ്റ്റ്ലി പറഞ്ഞു.
ബിജെപിയുടെ വിശദീകരണം പ്രതിപക്ഷം അംഗീകരിക്കുകയും സഭയിലെടുത്ത നിലപാടിന് നന്ദി അറിയിക്കുകയും ചെയ്തു. കോൺഗ്രസ് നേതാക്കൾ പ്രധാനമന്ത്രിയുടെ അന്തസ്സിനു കോട്ടം തട്ടുന്ന തരത്തിൽ പ്രസ്താവന നടത്തിയിട്ടുണ്ടെങ്കിൽ അതുമായി പാർട്ടിക്കു ബന്ധമില്ലെന്നും തുടർന്ന് അത്തരം പ്രശ്നങ്ങൾ ആവർത്തിക്കരുതെന്നാണ് ഞങ്ങളുടെ ആഗ്രഹമെന്നും കോൺഗ്രസിനെ പ്രതിനിധീകരിച്ച് സംസാരിച്ച ഗുലാം നബി ആസാദ് പറഞ്ഞു.