പ്രശസ്ത മലയാളി ഗായിക മഞ്ജരിയുടെ ഗാനത്തോടെ ബിഹാറിലെ ഉഗ്രതാരാ മഹോത്സവത്തിന് സമാപനമായി

പട്ന: പ്രശസ്ത മലയാളി ഗായികയുടെ ഗസല്‍ സന്ധ്യയോടെ ബിഹാറിലെ ഉഗ്രതാര സംസ്‌കൃതി മഹോത്സവത്തിന് വര്‍ണാഭമായ സമാപനമായി. ബിഹാറിലെ ടൂറിസം വകുപ്പ് സംഘടിപ്പിച്ച പരിപാടിയായിരുന്നു ഇത്. ഇതാദ്യമായാണ് ഒരു മലയാളി ഗായിക ഇത്തരം പരിപാടിയില്‍ പങ്കെടുക്കുന്നത് . അഞ്ചാം വയസ് മുതല്‍ സംഗീതം തന്റെ ലക്ഷ്യമാക്കിയ മഞ്ജരി ഇന്ന് ദക്ഷിണേന്ത്യയിലെ മികച്ച ഗായികയാണ്. നിരവധി സിനിമകളിലെ ഗാനങ്ങള്‍ക്ക് ശബ്ദം നല്‍കിയ മഞ്ജരി നിരവധി പുരസ്‌കാരങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്. കൊല്‍ക്കത്ത അടിസ്ഥാനമായുള്ള മ്യൂസിക് ബാന്‍ഡിനൊപ്പം എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് മഞ്ജരി ആദ്യമായി സംഗീത പരിപാടിയില്‍ പങ്കെടുക്കുന്നത്. പിന്നീട് 2004 ലാണ് മഞ്ജരി സംഗീതമേഖലയില്‍ സജീവമായി. സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ ഇളയരാജ സംഗീതം നല്‍കിയ ഗാനത്തിന് ശബ്ദം നല്‍കിയാണ് മലയാള സിനിമയിലേക്ക് മഞ്ജരി കടന്നുവരുന്നത്. സംഗീത സംവിധായകരായ രവീന്ദ്രന്‍, ജോണ്‍സണ്‍, മോഹന്‍സിതാര, കൈതപ്രം, എം ജി രാധാകൃഷ്ണന്‍, വിദ്യാസാഗര്‍, ഔസപ്പച്ചന്‍, എം ജയചന്ദ്രന്‍ തുടങ്ങിയ പ്രശസ്ത സംഗീത സംവിധായകരുടെ ഗാനങ്ങളും മഞ്ജരി പാടി. 2004 ല്‍ സിനിമയില്‍ സജീവമായി തൊട്ടടുത്ത വര്‍ഷം തന്നെ കേരള സംസ്ഥാനത്തിന്റെ മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരവും മഞ്ജരിയെ തേടിയെത്തി. തമിഴ്, തെലുങ്ക് ഭാഷകള്‍ക്കുപുറമെ ഉര്‍ദുവിലും മഞ്ജരി പാടിയിട്ടുണ്ട്. ഇതിനെത്തുടര്‍ന്ന് ഉര്‍ദു ഭാഷയുടേയും ഉര്‍ദു ഗസലുകളുടേയും സമഗ്ര സംഭാവനക്ക് സാഹിര്‍ ആന്‍ഡ് അദീബ് ഇന്റര്‍നാഷണല്‍ അവാര്‍ഡും മഞ്ജരിയെ തേടിയെത്തിയിട്ടുണ്ട്. ഹിന്ദുസ്ഥാനി സംഗീത നിശകളില്‍ നിറസാന്നിദ്ധ്യമാണ് മഞ്ജരി.നിരവധി ഗസല്‍ പരിപാടികളിലൂടെ അടുത്തറിയാവുന്നതിനാല്‍ത്തന്നെ മഞ്ജരിയെ ബിഹാറിലെ സദസ് നിറഞ്ഞ കൈയടിയോടെയാണ് സ്വീകരിച്ചത്.ആജ് ജാനേകി ജിദ് നാ കരോ, ഹോട്ടോസേ ഛൂലോ തും മേരാ ഗീത് അമറ് കര്‍ ദോ തുടങ്ങിയ ഗസലുകളോടെയാണ് മഞ്ജരി സദസിനെ കൈയിലെടുത്തത്. ഇതാദ്യമായാണ് മഞ്ജരി ബിഹാറില്‍ ഇത്തരം പരിപാടിയില്‍ പങ്കെടുക്കുന്നത്.  

admin:
Related Post