ഫെബ്രുവരി 15 നാണ് ബേസിൽ ജോസഫിനും ഭാര്യ എലിസബത്തിനും പെൺകുഞ്ഞ് പിറന്നത്. സോഷ്യൽ മീഡിയയിലൂടെയാണ് താരം ആരാധകരെ സന്തോഷ വാർത്ത അറിയിച്ചത്. ‘ഹോപ് എലിസബത്ത് ബേസിൽ’ എന്നാണ് മകളുടെ പേര്. “ഞങ്ങളുടെ കുഞ്ഞ് മാലാഖ ഹോപ് എലിസബത്ത് ബേസിലിന്റെ വരവ് സന്തോഷത്തോടെ അറിയിക്കുന്നു. ഇതിനകം തന്നെ അവൾ ഞങ്ങളുടെ ഹൃദയം കവർന്നു കഴിഞ്ഞു. അവൾ വളരുന്നതും അവളിൽ നിന്ന് ഓരോ ദിവസവും പുതിയ കാര്യങ്ങൾ പഠിക്കുന്നതും കാണാൻ ഞങ്ങൾക്ക് കാത്തിരിക്കാനാവില്ല” ബേസിൽ കുറിച്ച് ഇങ്ങനെ. കുഞ്ഞിനും ഭാര്യ എലിസബത്തിനുമൊപ്പമുള്ള ചിത്രവും ബേസിൽ പങ്കുവെച്ചിരുന്നു.
ഇപ്പോഴിതാ മകൾക്ക് ഹോപ് എന്നു പേര് നൽകാനുള്ള കാരണം പറയുകയാണ് ബേസിൽ. താരത്തിന്റെ ഭാര്യ എലിസബത്താണ് പേര് നൽകിയതെന്ന് ബേസിൽ പറയുന്നു. “ഒരു സീരീസ് കാണുന്നതിനിടെയാണ് എലിസബത്തിന് ഹോപ്പ് എന്ന പേര് സ്ട്രൈക്ക് ചെയ്യുന്നത്. ആ സീരിസിൽ ഒരു പട്ടിക്കുട്ടി ജനിക്കുന്നുണ്ട്, അതിനു നൽകുന്ന പേരാണ് ഹോപ്പ് എന്നത്. വളരെ പ്രശ്നങ്ങൾക്കിടയിൽ അവർക്ക് പ്രതീക്ഷകൾ നൽകി ജനിക്കുന്ന കുഞ്ഞിനെ അവർ ഹോപ്പ് എന്ന് വിളിച്ചു”, ബേസിലിന്റെ വാക്കുകൾ ഇങ്ങനെ. കുഞ്ഞിനെ കാണാൻ ബേസിലിന്റെ സുഹൃത്തും ക്രിക്കറ്റ് താരവുമായ സഞ്ജു സാംസൺ വന്ന ചിത്രങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു.
“ഒരുപാട് സമ്മാനങ്ങളുമായി സഞ്ജു അങ്കിളും ചാരു ആന്റിയും വീട്ടിൽ വന്നു” എന്നാണ് ചിത്രം പങ്കുവെച്ചു കൊണ്ട് ബേസിൽ കുറിച്ചത്. ചിത്രത്തോടൊപ്പം സഞ്ജു നൽകി ഒരു ചെറിയ കത്തും ബേസിൽ പങ്കുവെച്ചിരുന്നു. 2017 ലായിരുന്നു ബേസിലിന്റെയും എലിസബത്തിന്റെയും വിവാഹം. തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിൽ വെച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. ഗണേഷ് രാജിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘പൂക്കാലം’ ആണ് ബേസിലിന്റെ പുതിയ ചിത്രം. ഏപ്രിൽ 8 ന് റിലീസിനെത്തിയ ചിത്രത്തിൽ വിനീത് ശ്രീനിവാസൻ, വിജയരാഘവൻ എന്നിവർ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു.