ആര്യയിലൂടെയും ഹാപ്പിയിലൂടെയും പുഷ്പയിലൂടെയുമൊക്കെ ജനകോടികളെ ആവേശം കൊള്ളിച്ച അല്ലു അര്‍ജുന് അഭിനയമികവിന്റെ പേരിലും അംഗീകാരം. ഒക്ടോബര്‍ 17-ന് ന്യൂ ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ വെച്ചു നടന്ന അറുപത്തിയൊമ്പതാം ദേശീയ അവാര്‍ഡ് ദാന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവില്‍നിന്ന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് അല്ലു അര്‍ജുന്‍ കൈപ്പറ്റി. ഈ അംഗീകാരം ആദ്യമായി കരസ്ഥമാക്കുന്ന തെലുങ്ക് നടന്‍ കൂടിയാണ് അല്ലു അര്‍ജുന്‍. നിറഞ്ഞ സദസ്സിനുമുന്നില്‍ ലളിതമായ ഷെര്‍വാണി ജാക്കറ്റ് ധരിച്ചുകൊണ്ട് എളിമയോടെ അവാര്‍ഡ് കൈപ്പറ്റിയ ശേഷം സദസ്സിലും വേദിയിലുമുള്ളവര്‍ക്ക് നന്ദി പ്രകടിപ്പിക്കാനും താരം മറന്നില്ല. സുകുമാര്‍ സംവിധാനം ചെയ്ത പുഷ്പ ദ റൈസ് എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് അല്ലു അര്‍ജുന് അംഗീകാരം ലഭിച്ചത്.
സിനിമാപ്രേക്ഷകര്‍ക്കിടയില്‍ പ്രസിദ്ധനായ അല്ലു അര്‍ജുന്റെ ജനസ്വീകാര്യത 2021ല്‍ പുറത്തുവന്ന ‘പുഷ്പ’യിലൂടെ പതിന്മടങ്ങു വര്‍ദ്ധിച്ചിരുന്നു. പാന്‍ ഇന്ത്യന്‍ തലത്തില്‍ ബ്ലോക്ക്ബസ്റ്ററായ ചിത്രത്തിന്റെ രണ്ടാംഭാഗത്തിനായി ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. അദ്ദേഹത്തിന്റെ പുതിയ ചിത്രങ്ങളെക്കുറിച്ചുള്ള ഓരോ വാര്‍ത്തകളും പ്രഖ്യാപനങ്ങളും ആവേശത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നത്. അതിന്റെ തെളിവുതന്നെയാണ് ‘പുഷ്പ 2’വിന്റെ പോസ്റ്ററിനും ടീസറിനും ലഭിച്ച ഗംഭീര വരവേല്‍പ്പ്. ‘പുഷ്പ 2’വാണ് അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന അല്ലു അര്‍ജുന്‍ ചിത്രം.