നടി നർത്തകി എന്നീ നിലകളിൽ ശ്രദ്ധ നേടിയ താരമാണ് ആശ ശരത്. ‘കുങ്കുമപൂവ് ‘ എന്ന സീരിയലിലൂടെ സുപരിചിതയായി മാറിയ താരം. പിന്നീട് സിനിമ ലോകത്താണ് സജ്ജീവമായത്. ഫ്രൈഡേ, കർമ്മയോദ്ധ, അർദ്ധനാരി, സക്കറിയയുടെ ഗർഭിണികൾ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. ജിത്തു ജോസെഫിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘ദൃശ്യ’ ത്തിലൂടെയാണ് ആശയുടെ കരിയർ ഗ്രാഫ് ഉയരുന്നത്. പതിനെട്ടാം വയസ്സിൽ വിവാഹിതയായ ആശ, ഭർത്താവ് ശരത്തിനൊപ്പം ദുബൈയിലെത്തിയ ശേഷം നൃത്ത വിദ്യാലയം ആരംഭിക്കുകയായിരുന്നു. ഉത്തര, കീർത്തന എന്നീ രണ്ടു മക്കളും ഇവർക്കുണ്ട്. മാർച്ച് 18 നായിരുന്നു ഉത്തരയുടെ വിവാഹം.
ഗംഭീര ചടങ്ങുകളോടെയായിരുന്നു വിവാഹ ആഘോഷങ്ങൾ നടന്നത്. ഹൽദി, മെഹന്ദി, സംഗീത് തുടങ്ങിയ ചടങ്ങുകൾ വിവാഹത്തോടനുബന്ധിച്ച് ഒരുക്കിയിരുന്നു. സംഗീത് നെറ്റിൽ ആശ ശരത്തും ഭർത്താവും ചെയ്ത നൃത്തത്തിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ഈറൻ മേഘം എന്ന ഗാനത്തിനാണ് ഇരുവരും ചുവടുവെക്കുന്നത്. ഈ ഗാനം തന്റെ ജീവിതത്തിൽ എത്രത്തോളം പ്രധാന്യമുള്ള ഒന്നാണെന്ന് ആശ നേരത്തെ പറഞ്ഞിട്ടുണ്ട്.
ചില പാട്ടുകൾ കേൾക്കുമ്പോൾ ഓർമ്മവരും. ’18 വയസ്സിൽ വിവാഹം കഴിച്ച ആളാണ് ഞാൻ. ടിവിയിലൂടെ ഒരു ഡാൻസ് കണ്ട് ഇഷ്ടപ്പെട്ടാണ് ശരത്തേട്ടൻ ആലോചനയുമായി വരുന്നത്. വിവാഹനിശ്ചയമൊക്കെ കഴിഞ്ഞ് വിവാഹത്തിനു കുറച്ചു ദിവസം മുൻപ് മാത്രമാണ് ഞങ്ങൾ നേരിട്ട് കണ്ടത്. കാണുന്നതിന് മുൻപ് അദ്ദേഹം ആദ്യമായി കാസറ്റിൽ ഈ പാട്ട് പാടി മസ്കറ്റിൽ നിന്നും അയച്ചു തന്നിരുന്നു. അദ്ദേഹത്തിന് പാടാനുള്ള കഴിവൊന്നുമില്ല. പക്ഷെ ആ പാട്ടിൽ ഓരോ വരികളിലും അദ്ദേഹത്തിന്റെ മനസുണ്ടായിരുന്നു’ ആശയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു. മകളുടെ സംഗീത നെറ്റിൽ യുവ മിഥുനങ്ങളെ പോലെ അച്ഛനും അമ്മയും തകർത്താടുകയാണ്. രണ്ടു പേരും അടിപൊളി എന്നാണ് പോസ്റ്റിനു താഴെ നിറയുന്ന ആരാധകരുടെ കമെന്റുകൾ.