തമിഴിലെ ജനപ്രിയ സംവിധായകൻ സുന്ദർ .സി വിശാലിനെ നായകനാക്കി സംവിധാനം ചെയ്ത പുതിയ ചിത്രം “ആക്ഷൻ “ പ്രദർശന സജ്ജമായി.പേര് പോലെ തന്നെ ആദ്യന്തം ത്രസിപ്പിക്കുന്ന ഒരു ആക്ഷൻ ചിത്രമാണിത് .മാത്രമല്ല ഇന്ത്യൻ സിനിമയുടെ തന്നെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിലൊരു മുഴു നീള ആക്ഷൻ സിനിമ ചിത്രീകരിക്കപ്പെടുന്നതെന്നും അത് കൊണ്ടാണ് ചിത്രത്തിന് അനുയോജ്യമായ “ആക്ഷൻ” എന്ന് പേര് നൽകിയതെന്നും അണിയറക്കാർ വെളിപ്പെടുത്തി.അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിൻ്റെ ടീസറിനും ട്രെയിലറിനും വൻ വരവേൽപ്പാണ് ലഭിച്ചിരിക്കുന്നത് .കഴിഞ്ഞ ദീപാവലി ദിവസം പുറത്തിറക്കിയ ട്രൈലർ ദിവസങ്ങൾ കൊണ്ട് കാണികളുടെ പ്രശംസ നേടി ട്രെൻഡിങ്ങായി മൂന്ന് മില്യൺ കാണികളെ താണ്ടി വൈറലായി മുന്നേറുകയാണ് . അതുകൊണ്ടു തന്നെ ആക്ഷനെ കുറിച്ച് ആരാധകരിൽ പ്രതീക്ഷയും വർദ്ധിച്ചിരിക്കയാണ് . കാണികളെ ആകാംഷയുടെ മുനമ്പിൽ നിർത്തുന്ന ആക്ഷൻ രംഗങ്ങളായിരിക്കും ചിത്രത്തിലേതെന്ന് ട്രെയിലർ സൂചിപ്പിക്കുന്നു
തൻ്റെ സിനിമയെ കുറിച്ചു സംവിധായകൻ സുന്ദർ .സി …
” ഞാൻ ആക്ഷൻ്റെ കഥ പൂർത്തിയാക്കിയിട്ട് ഒന്നര വർഷം കഴിഞ്ഞു . എഴുതി കഴിഞ്ഞപ്പോൾ തന്നെ വിശാലാണ് നായകൻ എന്ന് ഞാൻ തീരുമാനിച്ചിരുന്നു . രണ്ടു പേരുടെയും തിരക്കു കാരണമാണ് പടം തുടങ്ങാൻ വൈകിയത് . ഞാൻ എം ജി ആറിന്റെ തീവ്ര ആരാധകനാണ് .അദ്ദേഹത്തിൻ്റെ ‘ഉലകം ചുറ്റും വാലിബൻ ‘എന്ന സിനിമ കണ്ടത് മുതൽ നാടുകൾ തോറും ചുറ്റി ഒരു സിനിമ എടുക്കണം എന്ന ആഗ്രഹം മനസ്സിൽ സൂക്ഷിച്ചിരുന്നു .അത് ആക്ഷനിലൂടെ സഫലമായി .വിദേശത്തു സിനിമ ഷൂട്ട് ചെയ്യുകയെന്നത് ദുഷ്ക്കരമായ ഒരു കാര്യമാണ് .കാലാവസ്ഥ ,ഭാഷ ,സംസ്ക്കാരം, ആളുകൾ എന്നിങ്ങനെ ഒട്ടനവധി പ്രശ്‌നങ്ങളെ അതി ജീവിക്കേണ്ടി വരും . എൻ്റെ കരിയറിൽ ഞാൻ ഏറ്റവും ബുദ്ധിമുട്ടി ചെയ്‌ത പടം ആക്ഷനാണ് .പുതുതായി പറയാൻ എൻ്റെ പക്കൽ കഥയൊന്നുമില്ല .പക്ഷെ പുതുമമായായിരിക്കും ആക്ഷൻ .
പ്രേക്ഷകർ ഈ സിനിമയിലേതു പോലെയുള്ള ആക്ഷൻ രംഗങ്ങൾ ഇതിനു മുമ്പ് നമ്മുടെ സിനിമകളിൽ കണ്ടിട്ടുണ്ടാവില്ല .എന്റർടൈൻമെന്റിനുള്ള എല്ലാ ഘടകങ്ങളും ചിത്രത്തിലുണ്ടാവും .സിനിമയിൽ മൂന്ന് പെൺകുട്ടികൾ പ്രധാനികളാണ് .നായികമാരിൽ ഐശ്വര്യ ലക്ഷ്മി ശാലീന വേഷത്തിൽ .തമന്ന മിലിട്ടറി കമാൻഡോ മാതിരിയുള്ള ഒരു ഗാംഭീര്യമുള്ള വേഷത്തിലെത്തുന്നു . അഹൻസാ പൂരി പക്കാ റൗഡിയായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു .ബാഹുബലിയിൽ നിന്നും വ്യത്യസ്തമായി മോഡേൺ ആക്ഷൻ നായികയായി തമന്നയെ ഈ ചിത്രത്തിൽ കാണാം .തമന്നക്ക് ഏറെ സംഘട്ടന രംഗങ്ങളുണ്ട് . ബോളിവുഡ് നടൻ കബീർ സിംഗ് ഇരട്ട വേഷത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നു . പഴകറുപ്പയ്യ ,യോഗി ബാബു ,രാംകി എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ അവതരിപ്പിക്കുന്നത് . “
തമിഴ് സിനിമയുടെ ആക്ഷൻ ഹീറോ എന്ന് വിശേഷിപ്പിക്കപ്പെടുന്ന വിശാൽ മിലിട്ടറി കമാൻഡോ ഓഫീസറായിട്ടാണ് അഭിനയിക്കുന്നത് . ഒരു കുറ്റാന്വേഷണത്തിനായി ലോകം മുഴുവൻ സഞ്ചരിക്കേണ്ടി വരുന്ന ഈ നായക കഥാപാത്രത്തിന് വേണ്ടി ആക്ഷൻ , ചേസിങ് തുടങ്ങിയവയും സാഹസികമായ സംഘട്ടന രംഗങ്ങളുമാണത്രെ സ്റ്റണ്ട് മാസ്‌റ്റർമാരായ അൻബറിവ് ഒരുക്കിയത് .പല രംഗങ്ങളിലും വിശാൽ ഡ്യൂപ് ഇല്ലാതെ അഭിനയിച്ചത് കാണികളിൽ രോമാഞ്ചമുണ്ടാക്കുന്ന രംഗങ്ങളായിരിക്കുമത്രേ .
ദശ കോടികളുടെ മുതൽമുടക്കിൽ നിർമ്മിക്കുന്ന ഈ ബ്രമാണ്ട ചിത്രം തുർക്കിയിലെ അസർ ബൈസാൻ , കേപ്പഡോഷ്യ , ബാകൂ ,ഇസ്താൻബുൾ ,തായ്‌ലൻഡിലെ ക്രാബി ദ്വീപുകൾ ,ബാങ്കോക്ക് തുടങ്ങിയ വിദേശ രാജ്യങ്ങളിലും ഇന്ത്യയിൽ ജയ്‌പൂർ , ഋഷികേശ് , ഡെറാഡൂൺ, ഹൈദരാബാദ് ,ചെന്നൈ എന്നിവിടങ്ങളിലുമാണ് ചിത്രീകരിച്ചിരിക്കുന്നത് . തമന്നയും മലയാളിയായ ഐശ്വര്യ ലക്ഷ്‌മിയുമാണ് ആക്ഷനിൽ വിശാലിൻ്റെ നായികമാർ.
ചിത്രത്തിലെ റൊമാൻറിക്കായ ഗാന – നൃത്ത രംഗങ്ങൾ വിദേശത്ത് ഇതു വരെ സിനിമയിൽ കണ്ടിട്ടില്ലാത്ത മനോഹരമായ ലൊക്കേഷനുകളിൽ വെച്ചാണ് ചിത്രീകരിച്ചിട്ടുള്ളത്. നൃത്ത സംവിധാനം – ബൃന്ദ, ദിനേശ് മാസ്റ്റർ, ഛായാഗ്രഹണം – ടെഡി,ബദ്രിസംഗീത സംവിധാനം – ഹിപ് ഹോപ് തമിഴാ. ട്രൈഡണ്ട് ആർട്ട്സിന്റെ ബാനറിൽ ആർ.രവീന്ദ്രൻ നിർമ്മിച്ച “ആക്ഷൻ “ നവംബർ മധ്യത്തിൽ ലോകമെമ്പാടും റിലീസ് ചെയ്യും .
# സി .കെ .അജയ് കുമാർ ,PRO