പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മലനാടിൻ്റെ തനതു കായിക വിനോദമായ വടം വലിയുടെ പശ്ചാത്തലത്തിലുള്ള ‘ആഹാ ‘ നവംബർ 19ന് തിയറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. കാണികളെ ഉത്സവ പ്രതീതിയോടെ ആവേശം കൊള്ളിക്കുന്ന ഒരു മാസ്സ് എൻ്റർടൈനറത്രെ എഡിറ്റർ കൂടിയായ ബിബിൻ പോൾ സാമുവൽ ആദ്യമായി സംവിധാനം നിർവഹിച്ച ‘ ആഹാ ‘. കോവിഡ് ലോക് ഡൗണുകൾക്ക് ശേഷം തിയറ്ററുകളെ സജീവമാക്കാൻ എത്തുന്ന ആദ്യത്തെ മാസ്സ് ആക്ഷൻ എൻ്റർടൈനറാണ് ‘ആഹാ ‘. ചിത്രത്തിൻ്റെ കഴിഞ്ഞ ദിവസം പുറത്തു വിട്ട ട്രെയിലറിന് വൻ വരവേൽപ്പാണ് ലഭിച്ചത്. ഏതാനും മണിക്കൂറുകൾ കൊണ്ട് തന്നെ ലക്ഷോപലക്ഷം കാഴ്ച്ക്കാരെ നേടി സമൂഹ മാധ്യമങ്ങളിൽ തരംഗമായിരിക്കയാണ് ട്രെയിലർ. ഒപ്പം തന്നെ പുതിയ സ്റ്റില്ലുകളും പുറത്തു വിട്ടിരിക്കകയാണ് അണിയറക്കാർ.
ഇന്ദ്രജിത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ ആഹാ ‘യിൽ അമിത് ചക്കാലക്കൽ തുല്യ പ്രാധാന്യമുള്ള കഥാ പാത്രത്തെ അവതരിപ്പിക്കുന്നു. അശ്വിൻ കുമാർ, മനോജ് കെ ജയൻ എന്നിവരും പ്രധാനികളായി ചിത്രത്തിലുണ്ട്. ശാന്തി ബാലചന്ദ്ര നാണ് നായിക. സാഹസികതയും, വൈകാരികതയും നിറഞ്ഞ ഒരു സ്പോർട്സ് ത്രില്ലറായിട്ടാണ് ‘ ആഹാ ‘ ദൃശ്യവൽക്കരിച്ചിരിക്കുന്നത്. ചിത്രത്തെ കുറിച്ച് സംവിധായകൻ ബിബിൻ പോൾ സാമുവൽ :
” ലക്ഷക്കണിക്കിന് ആരാധകരും ആയിരകണക്കിന് ടീമുകളും ഉള്ള ഒരു വലിയ കായികയിനമാണ് വടംവലി. കേരളത്തിന് അവകാശപ്പെടാവുന്ന നമ്മുടെ സ്വന്തം കളി.പക്ഷെ മുറ്റത്തെ മുല്ലക്ക് മണമില്ല എന്നപോലെ വേണ്ടരീതിയിൽ അംഗീകരിക്കപ്പെടാത്ത സാധാരണക്കാരന്റെ കായിക വിനോദമാണ് വടംവലി.ഈ തനത് ഇനത്തെ അതിന്റെ ഉശിരും വാശിയും ഭംഗിയും നിലനിർത്തികൊണ്ട് മലയോര മേഖലയിലെ ജീവിതവും, അവരുടെ ത്യാഗങ്ങളും, വടത്തോടുള്ള പ്രണയവും ആണ് ആഹാ പറയാൻ ശ്രമിക്കുന്നത് .
കോട്ടയത്തിന്റെ 80 ഓളം ലൊക്കേഷനുകളിൽ മഴയോടും മണ്ണിടിച്ചിലിനോടും ഒപ്പം 200 ഓളം സിനിമ പ്രവർത്തകരും 6000ത്തോളം ജൂനിയർ ആർട്ടിസ്റ്റുകളുടെ സഹകരണത്തോടെയാണ് ആഹാ ചിത്രികരിച്ചത്. ആഹാ ഒരു മികച്ച തിയേറ്റർ എക്സ്പീരിയൻസ് ആയിരിക്കണമെന്ന് ഞങ്ങൾക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു. എല്ലാവരുടെയും പ്രാർത്ഥനപോലെ ഇപ്പോൾ ആഹാ ഈ നവംബർ 19 ന് വെള്ളിവെളിച്ചത്തിൽ ബിഗ് സ്ക്രീനിൽ എത്തിക്കാനായതിൽ അതിയായ സന്തോഷമുണ്ട്.
ഇന്ദ്രജിത്, മനോജ് കെ ജയൻ, അമിത് ചക്കാലക്കൽ , അശ്വിൻ കുമാർ , സിദ്ധാർത്ഥ ശിവ, ശാന്തി ബാലചന്ദ്രൻ, മേഘ തോമസ് ,ജയശങ്കർ കാരിമുട്ടം തുടങ്ങിയ അഭിനേതാക്കളോടൊപ്പം 50 ഓളം പുതിയ അഭിനേതാക്കളെയും ഞങ്ങൾ അവതരിപ്പിക്കുന്നു.
വടംവലിയുടെ ആവേശത്തോടൊപ്പം പ്രണയവും, സൗഹൃദവും, സന്തോഷവും നിറഞ്ഞ ഒരു കുടുംബ ചിത്രമാണ് ആഹാ.ഒരു സാധരണക്കാരനെന്ന നിലയിൽ എല്ലാ മലയാളികൾക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ് ആഹാ ഒരുക്കാൻ ശ്രമിച്ചിരിക്കുന്നത്.”
സാസാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ പ്രേം ഏബ്രഹാമാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. തിരക്കഥയും സംഭാഷണവും ടോബിത് ചിറയത് . ബോളിവുഡിലും മറ്റും നിരവധി ചിത്രങ്ങളുടെ ഭാഗമായ രാഹുൽ ബാലചന്ദ്രൻ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു. . ജുബിത് നമ്രദത് ഗാന രചനയും സയനോരാ ഫിലിപ്പ് സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു. ക്യാപിറ്റൽ സ്റ്റുഡിയോസാണ് ആഹാ തിയറ്ററുകളിൽ പ്രദർശനത്തിന് എത്തിക്കുന്നത്.- സി. കെ. അജയ് കുമാർ, പി ആർ ഒ
Aaha I Nov 19 Release I Official Trailer