സിനിമാ പ്രേമികള്‍ക്ക് പുതുശ്വാസം നല്‍കിയാണ് വിജയ് ചിത്രം’മാസ്റ്റര്‍’ റിലീസിന് എത്തിയത്. കോവിഡ് തളര്‍ത്തിയ സിനിമാവ്യവസായം തിരിച്ചുവരികയാണെന്ന് ആദ്യ ദിനങ്ങളിലെ കളക്ഷനും, കാണികളുടെ തള്ളിക്കയറ്റവും വ്യക്തമാക്കുന്നു.
കോവിഡ് ഭീതിയുള്ളപ്പോഴും തീയറ്ററിലേക്കെത്തുന്ന നിലയ്ക്കാത്ത പ്രേക്ഷകപ്രവാഹം ആശങ്കയിലായിരുന്ന മലയാള സിനിമയ്ക്ക് വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്. തുടര്‍ന്ന് കോവിഡ് ഇടവേളയ്ക്ക് ശേഷം ആദ്യ മലയാള സിനിമ റിലീസും പ്രഖ്യാപിച്ചു. ജയസൂര്യ നായകനായ ‘വെള്ളം’ 22ന് റിലീസ് ചെയ്യും. മാര്‍ച്ച് 22വരെ ഇരുപത് സിനിമകള്‍ റിലീസ് ചെയ്യാനാണ് തീരുമാനം.
മമ്മൂട്ടിയും മഞ്ജു വാരിയറും ആദ്യമായി ഒന്നിക്കുന്ന ‘പ്രീസ്റ്റ്’ ഫെബ്രുവരി നാലിനാണ് തിയറ്ററുകളിലെത്തുക. ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത ചിത്രത്തിന്റെ ടീസര്‍ പ്രേക്ഷകരിലേക്ക് എത്തിക്കഴിഞ്ഞു. പ്രജേഷ് സെന്‍ ജയസൂര്യയെ നായകനാക്കി ഒരുക്കിയ ‘വെള്ളം’ ഈ മാസം 22ന് തിയറ്ററുകളിലെത്തും.
തൊട്ടുപിന്നാലെ 29ന് രണ്ട് ചിത്രങ്ങളാണ് റിലീസ് ചെയ്യുക. ആഷിക് ഉസ്മാന്‍ നിര്‍മിച്ച് ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ‘ലൗ’, ആര്‍ ഉണ്ണിയുടെ എഴുത്തില്‍ കാവ്യ പ്രകാശ് ഒരുക്കുന്ന ‘വാങ്ക്’ എന്നിവയാണത്. ഫെബ്രുവരി നാലിന് എത്തുന്ന പ്രീസ്റ്റിന് പിന്നാലെ കുഞ്ചാക്കോ ബോബന്റെ മോഹന്‍കുമാര്‍ ഫാന്‍സ് എത്തും. ഫെബ്രുവരി 12ന് മൂന്ന് സിനിമകള്‍ റിലീസ് ചെയ്യും. അജു വര്‍ഗീസ് നായകനായ സാജന്‍ ബേക്കറി, വിനായകനും ബാലുവര്‍ഗീസും അഭിനയിക്കുന്ന ‘ഓപ്പറേഷന്‍ ജാവ’, അമിത് ചക്കാലയ്ക്കല്‍ നായകനായ ‘യുവം’ എന്നിവയാണ്.
മരട് ഫ്‌ളാറ്റ് പൊളിക്കല്‍ പ്രമേയമാക്കിയ ‘മരട് 357’, വെളുത്ത മധുരം, വര്‍ത്തമാനം എന്നീ സിനിമകള്‍ ഫെബ്രുവരി 19ന് എത്തും. ഫെബ്രുവരി 26ന് നാല് സിനിമ കൂടി തിയറ്ററിലെത്തും. ‘സഹ്യാദ്രിയിലെ ചുവന്ന പൂക്കള്‍’, ‘അജഗജാന്തരം’, ജയസൂര്യ നായകനായ ‘സണ്ണി’, ‘ടോള്‍ ഫ്രി 1600 – 600 – 60 ‘എന്നിവയുടേതാണ് റിലീസ്.
പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ ടീമിന്റെ ‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’ മാര്‍ച്ച് 26ന് തിയറ്ററുകളില്‍ എത്തുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറമെ മാര്‍ച്ചില്‍ അഞ്ച് സിനിമ കൂടി തിയറ്ററിലെത്തും. മാര്‍ച്ച് നാലിന് പൃഥ്വിരാജ് നായകനായ ‘കോള്‍ഡ് കേസ്’, കുഞ്ചാക്കോ ബോബനും നയന്‍ താരയും ഒന്നിക്കുന്ന ‘നിഴല്‍’ എന്നിവയാണ് റിലീസ് ചെയ്യുക. മാര്‍ച്ച് 12ന് ‘മൈ ഡിയര്‍ മച്ചാന്‍സ്’, ‘ഈവ’ , മാര്‍ച്ച് 21ന് ‘സുനാമി’ എന്നിവയും തിയറ്ററിലെത്തും.
English Summary : 20 movies to be released till March