ബോക്സ് ഓഫീസിൽ വമ്പൻ നേട്ടങ്ങളില്ലാതിരുന്ന ബോളിവുഡ് ഏറെ പ്രതീക്ഷയോടെയാണ് പഠാനെ കാത്തിരുന്നത്. എന്നാൽ കാത്തിരിപ്പു വെറുതെയായില്ലെന്നാണ് ചിത്രത്തിന്റെ ആദ്യ ദിനത്തിലെ കളക്ഷൻ കണക്കുകൾ വ്യക്തമാക്കുന്നത്. തുടർ പരാജയങ്ങളിൽ വലഞ്ഞിരുന്ന ബോളിവുഡിനെ തിരിച്ചുവരവിന്റെ പാതയിലെത്തിച്ച് ഷാരുഖ് ഖാൻ ചിത്രം ‘പഠാൻ’. നാല് വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഷാരുഖ് ഖാന്റെ ചിത്രം തീയേറ്ററുകളിൽ എത്തുന്നത്.
ദീപിക പദുകോൺ, ജോൺ എബ്രഹാം തുടങ്ങിയവർ ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നതും മറ്റൊരു സവിശേഷതയാണ്. യാഷ് നായകനായെത്തിയ കെജിഎഫ് 2 ന്റെ ആദ്യദിന കളക്ഷൻ പഠാൻ മറികടന്നിരിക്കുകയാണ്. നിർമാതാക്കളായ യഷ് രാജിന്റെ സ്‌പൈ യൂണിവേഴ്സിൽ ഒരുങ്ങുന്ന ആദ്യ സിനിമകൂടിയാണ് പഠാൻ. റിലീസായ ആദ്യദിനം തന്നെ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് 50 കോടി ക്ലബ്ബിൽ ഇടംpപിടിച്ചു. ആഗോളതലത്തിലെ കണക്കുകൾ പരിശോധിച്ചാൽ ചിത്രം 70- 80 കോടിയോളം നേടികഴിഞ്ഞു. ചിത്രത്തിലെ ഗാനരംഗവുമായി ബന്ധപെട്ട് ഉയർന്നു വന്ന വിവാദങ്ങളെയെല്ലാം പഠാൻ കാറ്റിൽപറത്തിയാണ് കുത്തിക്കുന്നത്.