തമിഴ് സിനിമയിലെ ആക്ഷൻ സ്റ്റാർ വിശാലിനെ നായകനും ആക്ഷൻ കിങ്ങ് അർജ്ജുനെ വില്ലനുമാക്കി പുതുമുഖമായ പി .എസ് മിത്രൻ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ബ്രഹ്മാണ്ഡ ആക്ഷൻ എന്റർടൈനറാണ് ഇരമ്പുതിരൈ. വിശാൽ ഫിലിം ഫാക്ടറിയുടെ ബാനറിൽ വിശാൽ തന്നെയാണ് ഈ സിനിമ നിർമ്മിച്ചിരിക്കുന്നത് . സമന്തയാണ് വിശാലിന്റെ നായിക . ദക്ഷിണേന്ധ്യയിലെ പ്രശസ്തരായ അഭിനേതാക്കളും സാങ്കേതിക വിദഗ്ദരും ഒന്നിച്ചിരിയ്ക്കുന്ന ഇരുമ്പ് തിരൈ മെയ് 11- ന് തമീൻസ് ഫിലിംസ് കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നു .
തൻ്റെ കന്നി സംരംഭമായ ഇരുമ്പുതിരയെ കുറിച്ച് പി.എസ്. മിത്രൻ പറയുന്നു …
“ ഒരു നിർമാതാവ് എന്ന നിലയിലാണ് ഞാൻ ഈ കഥയുമായി വിശാലിനെ സമീപിച്ചത് . വിശാലിനെ നായക സ്ഥാനത്തു സങ്കല്പിച്ചുമല്ല കഥ പറഞ്ഞത് . മറ്റൊരു നായക നടനെ വെച്ച് ചെയ്യാം എന്നാണ് ഞാൻ മനസ്സിൽ കരുതിയിരുന്നത്. കഥകേട്ട മാത്രയിൽ തന്നെ അദ്ദേഹത്തിന് ഇഷ്ടപ്പട്ടു . നമ്മൾ ഈ പടം ചെയ്യുന്നു കഥയിലെ വില്ലൻ കഥാപാത്രം വളരെ ശക്തമാണ് അത് ഞാൻ ചെയ്യാം എന്നായിരുന്നു വിശാലിന്റെ ആദ്യ പ്രതികരണം . ഞാൻ ഏറെ പണിപ്പെട്ട് അദ്ദേഹത്തെ കൺവിൻസ് ചെയ്ത് നായകനാക്കുകയായിരുന്നു . ആദ്യം ഒരു വലിയ സ്റ്റാർ ഹീറോയായ വിശാൽ നയകനായപ്പോൾ കഥയിൽ ഒട്ടേറെ മാറ്റങ്ങൾ വരുത്തി നായകനെ മിലിട്ടറി മേജറാക്കി .സമാന്തയുടേത് പതിവ് നായികാ കഥാപാത്രം പോലെയായിരിക്കില്ല വളരെ അഭിനയ സാധ്യതയുള്ളതും ഏറെ പ്രാധാന്യവുമുള്ള നായികാ കഥാപാത്രമാണ്.
സോഷ്യൽ മീഡിയയിൽ നമ്മളറിയാതെ നടക്കുന്ന മർമ്മങ്ങളെക്കുറിച്ചും ,അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും ,കംപ്യൂട്ടർവൽകൃതമായ സമൂഹത്തിൽ നമ്മൾ അറിയാത്തതും അറിയേണ്ടതുമായ പല വിഷയങ്ങളെ കുറിച്ചും പ്രതിപാദിക്കുന്ന ഒരു ഗൗരവമാർന്ന പ്രമേയമാണ് ഇരുമ്പുതിരയുടേത് .അത് മിലിട്ടറി പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്നു .ചിത്രത്തിലെ സാഹസിക രംഗങ്ങളിൽ വിശാലും അർജ്ജുനും ഏറെ റിസ്‌ക്കെടുത്താണ് അഭിനയിച്ചിരിക്കുന്നത് .ആദ്യന്തം സസ്പെൻസ് നിറഞ്ഞ ഒരു സയൻസ് ഫിക്ഷൻ ആക്ഷൻ ത്രില്ലറാണ് ഇരുമ്പുതിരൈ”.
റോബോശങ്കർ ,വിൻസന്റ് അശോകൻ ,ഡൽഹി ഗണേഷ് എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ . ജോർജ്.സി. വില്യംസ് ഛായാഗ്രഹണവും ,യുവൻ ഷങ്കർ രാജ സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നുന്നു . ദിലീപ് സുബ്ബരായനാണ് ചിത്രത്തിലെ ത്രില്ലിങ്ങായിട്ടുള്ള സ്റ്റുണ്ട് രംഗങ്ങൾ ഒരുക്കിയിരിക്കുന്നത് . വിശാൽ അർജ്ജുൻ എന്നീ ആക്ഷൻ ഹീറോമാർ നായകനും പ്രതിനായകനുമായി കൊമ്പു കോർക്കുന്ന ഇരമ്പുതിരൈ ആരാധകരിലും ഏറെ പ്രതീക്ഷ വർധിപ്പിച്ചിരിക്കയാണ് .