മറുനാടൻ മലയാളി യുവാവായ സച്ചിൻ തമിഴ് സിനിമയിൽ നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് ‘കാത്തിരിപ്പോർ പട്ടിയൽ ‘. നന്ദിതയാണ് സച്ചിന്റെ നായിക. പ്രണയം, നർമ്മം, ആക്ഷൻ എന്നീ ഘടകങ്ങൾ സമ്മിശ്രമായി ചേർത്ത് ചിത്രീകരിച്ച ത്രില്ലർ സിനിമയാണിതെന്ന് ചിത്രത്തിന്റെ രചയിതാവ് കൂടിയായ സംവിധായകൻ ബാലയ്യ.ഡി. രാജശേഖർ പറഞ്ഞു. തന്റെ ചിത്രത്തിന്റെ കലാപരവും സാങ്കേതികവുമായ മേന്മ നിലനിർത്താൻ വേണ്ടി മികച്ച കലാകാരന്മാരെയും സാങ്കേതിക വിദഗ്ദരേയുമാണ് സംവിധായകൻ നിയോഗിച്ചിട്ടുള്ളത്.
ഒരു ട്രെയിൻ യാത്രയുടെ പശ്ചാത്തലത്തിലാണ് ‘കാത്തിരിപ്പോർ പട്ടിയലി”ന്റെ കഥ അവതരിപ്പിക്കുന്നത്. വ്യത്യസ്ത ജീവിത പാശ്ചാത്തലമുളള അപരിചിതരായ പതിനഞ്ചു ചെറുപ്പക്കാർ. ഇവർ ഒരു ദിവസം ട്രെയിൻ യാത്രയ്ക്കിടയിൽ പൊലീസിൽ അകപ്പെട്ട് പോകുന്നു. സംശയത്തിന്റെ അടിസ്ഥാനത്തിൽ വിവിധ സാഹചര്യങ്ങളിൽ ഒരേ ദിവസം അറസ്റ്റ് ചെയ്യപ്പെടുന്ന ഈ യുവാക്കൾ ഓരോരുത്തർക്കും അന്നേദിവസം അവരുടെ ജീവിതത്തിൽ ഏറ്റവും വിലപ്പെട്ടതും അവരുടെ ഭാവി നിർണ്ണയിക്കുന്നതുമായിരുന്നു.ഒറ്റ ദിവസം കൊണ്ട് ഈ പതിനഞ്ചു പേരുടെ ജീവിതം കീഴ്മേൽ മറിയുമോ. എന്തിനാണ് അവർ അറസ്റ്റ് ചെയ്യപ്പെട്ടത്.ചെറുപ്പക്കാർ മോചിതരാവുമോ.നായകന് പ്രണയ സാഫല്യം കിട്ടുമോ? എന്നീ ചോദ്യങ്ങൾക്ക് ജിജ്ഞാസാഭരിതവും വൈകാരികവും സംഘർഷാത്മകവുമായ രംഗങ്ങളിലൂടെ ഉത്തരം നൽകുകയാണ് ‘കാത്തിരിപ്പോർ പട്ടിയൽ’ . അതിഭാവുകത്വമില്ലാത്ത യഥാർത്ഥ ജീവിതത്തെ പ്രതിഫലിപ്പിക്കുന്ന ഒരു അവതരണ രീതിയാണ് തന്റെ സിനിമയുടടേതെന്നും ശക്തമായ ഒരു ഇതിവൃത്തം ‘കാത്തിരിപ്പോർ പട്ടിയലി’ന് ഉണ്ടെന്നും സംവിധായകൻ ബാലയ്യ.ഡി.രാജശേഖർ അവകാശപ്പെട്ടു. പുതുമുഖ നായകൻ സച്ചിൻ തമിഴ് സിനിമയ്ക്ക് മാത്രമല്ല തെന്നിന്ത്യൻ സിനിമയുടെ തന്നെ ഭാവി വാഗ്ദാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭരണി, മനോബാല,മൊട്ട രാജേന്ദ്രൻ,അപ്പുക്കുട്ടി,മയിൽസാമി എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. എം.സുകുമാർ ഛായാഗ്രഹണവും ,ഷാൻ റോൾഡൻ സംഗീത സംവിധാനവും നിർവഹിച്ചിരിയ്ക്കുന്നു. ലേഡീസ് ഡ്രീം സിനിമാസിന്റെ ബാനറിൽ മലയാളിയായ ബൈജാ ടോം നിർമ്മിച്ച ‘കാത്തിരിപ്പോപട്ടിയൽ’ മെയ്4ന് പ്രദര്ശനത്തിന ത്തുന്നു..
# സി.കെ.അജയ് കുമാർ, പി ആർ ഒ.