വറുത്തുപ്പേരി
1 . നേന്ത്രക്കായ തൊലികളഞ്ഞു നാളായി കീറി കനം കുറച്ചു നുറുക്കിയത് – ഒരു കപ്പ്
2 . മഞ്ഞൾപൊടി – ഒരു ചെറിയ സ്പൂൺ
3 . വെളിച്ചെണ്ണ – രണ്ടു കപ്പ്
4 . ഉപ്പ് – പാകത്തിന്
പാകം ചെയ്യുന്ന വിധം :-
- നുറുക്കി വച്ചിരിക്കുന്ന നേന്ത്രക്കായ മഞ്ഞൾപൊടിയിട്ട വെള്ളത്തിൽ കഴുകി ഊറ്റി വയ്ക്കുക.
- ഉരുളിയിൽ വെളിച്ചെണ്ണ ചൂടാക്കി ഊറ്റിയ നേന്ത്രക്കായകഷ്ണങ്ങളിട്ടു വറുത്തു മൂപ്പാകുമ്പോൾ ഉപ്പു വെള്ളം തളിക്കുക.
- പാകത്തിന് മൂപ്പെത്തിയാൽ കോരിയെടുക്കാം.
ശർക്കര ഉപ്പേരി
- നേന്ത്രക്കായ തൊലികളഞ്ഞു രണ്ടായി കീറി അല്പം കനത്തിൽ മുറിച്ചത് – ഒരു കപ്പ്
- വെളിച്ചെണ്ണ – രണ്ടു കപ്പ്
- ശർക്കര – നാല് അച്ച്
- വെള്ളം – രണ്ടു വലിയ സ്പൂൺ
- നെയ്യ് , പഞ്ചസാര – ഒരു വലിയ സ്പൂൺ, ചുക്കുപൊടി – അര വലിയ സ്പൂൺ
- ജീരകംപൊടി – ഒരു വലിയ സ്പൂൺ, ചുക്കുപൊടി – അര വലിയ സ്പൂൺ
പാകം ചെയ്യുന്ന വിധം :-
- നേന്ത്രക്കായ നുറുക്കിയത് കഴുകിയൂറ്റി വെളിച്ചെണ്ണയിൽ വറുത്തു ചൂടാറാൻ വയ്ക്കുക .
- ശർക്കര പൊടിച്ചതും വെള്ളം ചേർത്ത് അലിയിച്ച് ഉരുളിയിലാക്കുക. ഇത് അടുപ്പിൽവച്ചു പാവു കാച്ചുക.
- പാവിൽ അഞ്ചാമത്തെ ചേരുവ ചേർത്തിളക്കണം.
- പാവ് പാകമാകുമ്പോൾ വറുത്തുവച്ചിരിക്കുന്ന നേന്ത്രക്കായ കഷ്ണങ്ങൾ ചേർത്തിളക്കുക.
- അടുപ്പിൽനിന്നു വാങ്ങി ആറാമത്തെ ചേരുവയും ചേർത്ത് ചൂടാറുംവരെ ഇളക്കണം.
- ചൂടാറിയശേഷം ഉപയോഗിക്കാം.
മാങ്ങ ഉപ്പിലിട്ടത്
- പച്ചമാങ്ങ പൊടിയായി അരിഞ്ഞത് – ഒരു കപ്പ്
- ഉപ്പ് – പാകത്തിന് , മുളകുപൊടി – രണ്ടു വലിയ സ്പൂൺ
- കായം വറുത്തുപൊടിച്ചത് – ഒരു ചെറിയ സ്പൂൺ, ഉലുവ വറുത്തുപൊടിച്ചത് – ഒരു ചെറിയ സ്പൂൺ, കടുകും ജീരകവും ചേർത്തു പൊടിച്ചത് – അര ചെറിയ സ്പൂൺ
- വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ
- കടുക് – ഒരു ചെറിയ സ്പൂൺ
- വറ്റൽമുളക് – രണ്ട് , കറിവേപ്പില – ഒരു തണ്ട്
പാകം ചെയ്യുന്ന വിധം :-
- പച്ചമാങ്ങ അരിഞ്ഞത് ഉപ്പും മുളകുപൊടിയും ചേർത്തിളക്കി അര മണിക്കൂർ വെയ്ക്കുക.
- ഇതിലേക്ക് മൂന്നാമത്തെ ചേരുവ ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കണം.
- വെളിച്ചെണ്ണയിൽ കടുകു മൂപ്പിച്ചതും വറ്റൽമുളകും കറിവേപ്പിലയും ചേർത്തിളക്കി വറുത്ത് അച്ചാറിൽ ചേർക്കണം.
പുളിയിഞ്ചി
1. ഇഞ്ചി – 1/4 കപ്പ് ചെറുതായി അരിഞ്ഞത്
2. ശർക്കര 1/4 കപ്പ് , ചുരണ്ടിയത് (വളരെ മധുരമുള്ളതെങ്കിൽ 1/ 4 കപ്പിന് 1 -2 ടീസ്പൂൺ കുറച്ചുമതിയാകും )
3. വാളൻ പുളി 1 ചെറുനാരങ്ങാ വലിപ്പത്തിൽ , 1/2കപ്പ് വെള്ളത്തിൽ കുതിർത്തി വെച്ചത്
4. പച്ചമുളക് (ആവശ്യമെങ്കിൽ ) 3-4, ചെറിയ വട്ടത്തിൽ അരിഞ്ഞത്
5. മഞ്ഞൾപൊടി 1/4 ടീസ്പൂൺ
6. മുളകുപൊടി 1/2 ടീസ്പൂൺ( 3/4-1 ടീസ്പൂൺ, പച്ചമുളക് ഉപയോഗിക്കുന്നില്ലെങ്കിൽ
7. വെള്ളം 3/4-1 കപ്പ്
8. കടുക് 1/2 ടീസ്പൂൺ
9. കൊല്ലമുളക് 2-3 , രണ്ടായി പൊട്ടിച്ചത്
10. കറിവേപ്പില ഒരു പിടി
11. വെളിച്ചെണ്ണ 1 -2 ടീസ്പൂൺ
12. ഉപ്പു ഒരു നുള്ളു
തയ്യാറാക്കുന്ന വിധം :-
- പുളി പിഴിഞ്ഞ് എടുക്കുക . കുറച്ചുകട്ടിയുള്ള പൾപ്പ് പോലെ ഇരിക്കും ഇതു .
- ഒരു ചുവടുകട്ടിയുള്ള കുഴിയുളള പാത്രത്തിൽ (പരന്ന പാത്രത്തിൽ ഇതു തിളച്ചു തെറിച്ചു പോകാൻ ചാൻസ് ഉണ്ട് ) ഈ പുളി പിഴിഞ്ഞതും , ബാക്കി വെള്ളവും കൂടെ ഒഴിച്ച് നന്നായി ഇളക്കി ഒന്ന് തിളപ്പിക്കുക .
- ആദ്യത്തെ തിളവന്നു കഴിഞ്ഞാൽ , അതിലേക് മഞ്ഞൾപൊടിയും ,മുളകുപൊടിയും ചേർത്ത് ഒന്നുകൂടെ തിളപ്പിക്കുക .
- ശേഷം തീ താഴ്ത്തി ഇഞ്ചി അരിഞ്ഞതും (വറുത്തോ / വറുക്കാതെയോ ), ശർക്കരയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക .
- തീ കൂട്ടിവെച്ചു നന്നായി തിളച്ച ശേഷം , ഏറ്റവും ചെറിയ തീയിൽ വെച്ച് ഇതിനെ കട്ടിയാവാൻ അനുവദിക്കുക . ഇടയ്ക്കു വെച്ച് ഉപ്പു കൂടെ ചേർക്കുക .
- ഏകദേശം 20 -30 സമയം എടുക്കും ഇതു വറ്റി വരാൻ , ഇടക്ക് ഇളക്കി കൊടുക്കുക. നന്നായി വറ്റി കുറുകി വരുമ്പോൾ ,തീ അണക്കുക .
- മറ്റൊരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി അതിലേക് കടുകിട്ടു പൊട്ടിക്കുക , ഉണക്കമുളകും കറിവേപ്പില യും കൂടെ ചേർത്ത് വറുത്തിടുക .
പൈനാപ്പിൾ കിച്ചടി
- പൈനാപ്പിൾ തൊലികളഞ്ഞു ചെറുതായി അരിഞ്ഞത് – ഒരു കപ്പ് ,, ഉപ്പ് – പാകത്തിന് ,, പഞ്ചസാര – അരക്കപ്പ്, മുളകുപൊടി – ഒരു ചെറിയ സ്പൂൺ
- തേങ്ങ ചുരണ്ടിയത് – അരക്കപ്പ്,, പച്ചമുളക് – നാല് ,, തൈര് – അരക്കപ്പ്,, കടുക് – ഒരു വലിയ സ്പൂൺ
- ആപ്പിൾ ചെറുതായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ ,,, ചെറിപ്പഴം നന്നായി ചുവന്നത് – അഞ്ച് ,,, പച്ചമുന്തിരി കുരുവില്ലാത്തത് – 10 ,, മാതളനാരങ്ങ അല്ലികൾ അടർത്തിയത് – ഒരു വലിയ സ്പൂൺ ,,, തേൻ – ഒരു വലിയ സ്പൂൺ.
പാകം ചെയ്യുന്ന വിധം :-
- ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു അടുപ്പത്തുവച്ചു ചെറു ചൂടിൽ നന്നായി വേവിച്ച് വാങ്ങി ചൂടാറാൻ വെയ്ക്കുക.
- ചൂടാറിയ ശേഷം രണ്ടാമത്തെ ചേരുവ മയത്തിൽ അരച്ചു ചേർത്തിളക്കുക.
- ഇതിലേക്ക് മൂന്നാമത്തെ ചേരുവയും ചേർത്തിളക്കി ഉപയോഗിക്കാം.
വെള്ളരിക്ക പച്ചടി
- പച്ചവെള്ളരി തൊലികളഞ്ഞു ചെറുതായി അരിഞ്ഞത് – ഒരു കപ്പ് ,,, വെള്ളം – രണ്ടു കപ്പ്,, ഉപ്പ് – പാകത്തിന്
- തേങ്ങ ചുരണ്ടിയത് – അരക്കപ്പ് ,,, തൈര് – അരക്കപ്പ് ,,, പച്ചമുളക് – നാല്
- കടുക് – ഒരു ചെറിയ സ്പൂൺ ,പൊടിച്ചത്
- വെളിച്ചെണ്ണ – രണ്ടു ചെറിയ സ്പൂൺ
- കടുക് – ഒരു വലിയ സ്പൂൺ ,,, കറിവേപ്പില – ഒരു തണ്ട് ,, വറ്റൽമുളക് – നാല്
പാകം ചെയ്യുന്ന വിധം :-
- വെള്ളരിക്ക അരിഞ്ഞതും ഉപ്പും വെള്ളവും ചേർത്ത് അടുപ്പിൽ വച്ചു വേവിക്കുക.
- വെന്ത ശേഷം രണ്ടാമത്തേച്ചേരുവ അരച്ചത് ചേർത്തിളക്കണം. ഇതിലേക്ക് കടുക് പൊടിച്ചതും ചേർത്തിളക്കുക.
- അടുപ്പിൽനിന്നു വാങ്ങി വെളിച്ചെണ്ണയിൽ മൂപ്പിച്ച അഞ്ചാമത്തെ ചേരുവ ചേർത്തിളക്കി ഉപയോഗിക്കാം.
കാളൻ
- ചേന തൊലികളഞ്ഞു കൊത്തിയരിഞ്ഞത് – ഒരു കപ്പ് ,,, നേന്ത്രക്കായ തൊലികളഞ്ഞു നെടുകെ കീറി നുറുക്കിയത് – ഒരു കപ്പ് ,,, കുരുമുളകുപൊടി – മൂന്നു ചെറിയ സ്പൂൺ,,, മഞ്ഞൾപൊടി – മൂന്നു ചെറിയ സ്പൂൺ ,,, ഉപ്പ് – പാകത്തിന്
- തൈര് – ഒരു കപ്പ്
- തേങ്ങ ചുരണ്ടിയത് – ഒന്നരക്കപ്പ് ,,, പച്ചമുളക് – നാല് ,,, ജീരകം – രണ്ടു ചെറിയ സ്പൂൺ
- ഉലുവ വറുത്തു പൊടിച്ചത് – രണ്ടു ചെറിയ സ്പൂൺ
- നെയ്യ് – ഒരു വലിയ സ്പൂൺ
- കടുക് – ഒരു വലിയ സ്പൂൺ ,,, വറ്റൽ മുളക് – നാല് , കഷ്ണങ്ങൾ ആക്കിയത് ,,,, കറിവേപ്പില – ഒരു പിടി
പാകം ചെയ്യുന്ന വിധം :-
- ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു പാകത്തിന് വെള്ളം ചേർത്ത് അടുപ്പിൽ വച്ച് വേവിക്കുക. കഷ്ണങ്ങൾ വെന്ത ശേഷം തൈര് ചേർത്ത് തിളപ്പിക്കണം.
- ഇതിലേക്ക് മൂന്നാമത്തെ ചേരുവ അരച്ചുചേർത്തിളക്കുക.
- പാകമായ ശേഷം അടുപ്പിൽനിന്നു വാങ്ങി ഉലുവപ്പൊടി ചേർത്തിളക്കണം.
- നെയ്യിൽ ആറാമത്തെ ചേരുവ വറത്തു കറിയിൽ ചേർത്തിളക്കുക.
വറുത്തെരിശ്ശേരി
- ചേന തൊലികളഞ്ഞു കൊത്തിയരിഞ്ഞത് – ഒരു കപ്പ് ,,, നേന്ത്രക്കായ ശർക്കര ഉപ്പേരിക്കെന്നപോലെ നുറുക്കിയത് – ഒരു കപ്പ് ,,, കുരുമുളകുപൊടി – ഒന്നര ചെറിയ സ്പൂൺ,,, മഞ്ഞൾപൊടി – ഒരു ചെറിയ സ്പൂൺ ,,, ഉപ്പ് – പാകത്തിന്.
- തേങ്ങ ചുരണ്ടിയത് – അരക്കപ്പ് ,,, ജീരകം – ഒന്നര വലിയ സ്പൂൺ
- നെയ്യ് – രണ്ടു വലിയ സ്പൂൺ
- തേങ്ങ ചുരണ്ടിയത് – ഒരു കപ്പ്
- ജീരകം – അര ചെറിയ സ്പൂൺ
പാകം ചെയ്യുന്ന വിധം :-
- ചേനയും കായും മഞ്ഞൾപൊടിയും കുരുമുളകുപൊടിയും ഉപ്പും യോജിപ്പിച്ച് അടുപ്പത്തുവച്ച് വേവിക്കുക.
- രണ്ടാമത്തെ ചേരുവ അരച്ച് വെന്ത കഷ്ണങ്ങളിൽ ചേർത്തിളക്കി വേവിക്കുക.
- നെയ്യ് ചൂടാക്കി ഒരു കപ്പ് തേങ്ങ ചുരണ്ടിയതു വറുത്ത് അതിൽ അറ ചെറിയ സ്പൂൺ ജീരകവും ചേർത്തിളക്കി വാങ്ങി എരിശ്ശേരിയിൽ ചേർത്തിളക്കി ഉപയോഗിക്കാം.
ഓലൻ
- മത്തൻ കനംകുറച്ചു ചതുരക്കഷ്ണങ്ങളായി മുറിച്ചത് – ഒരു കപ്പ് ,,,ഇളവൻ കനം കുറച്ചു ചതുരക്കഷ്ണങ്ങളായി മുറിച്ചത് – ഒരു കപ്പ്,,, വൻപയർ – അരക്കപ്പ്
- ഉപ്പ് – പാകത്തിന്
- വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ
- തേങ്ങാപ്പാൽ – അരക്കപ്പ്
പാകം ചെയ്യുന്ന വിധം :-
- ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു വേവിക്കുക.
- കഷണങ്ങൾ നന്നായി വെന്ത ശേഷം പാകത്തിന് ഉപ്പു ചേർത്ത് തിളപ്പിക്കണം.
- വെളിച്ചെണ്ണ ഒഴിച്ചു വാങ്ങി,തേങ്ങാപ്പാലും ചേർത്തിളക്കി ഉപയോഗിക്കാം.
തോരൻ
- വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ
- കറിവേപ്പില – രണ്ടു തണ്ട് ,,,കടുക് – ഒരു ചെറിയ സ്പൂൺ ,,, കടലപ്പരിപ്പും ഉഴുന്നുപരിപ്പും – ഓരോ ചെറിയ സ്പൂൺ ,,, വറ്റൽമുളക് – രണ്ട് കഷ്ണങ്ങളാക്കിയത്
- പച്ചപ്പയർ കഴുകി ചെറുതായി അരിഞ്ഞത് – രണ്ടു കപ്പ് ,,, ഉപ്പ് – പാകത്തിന് ,,, മഞ്ഞൾപൊടി – ഒരു ചെറിയ സ്പൂൺ
- തേങ്ങ ചുരണ്ടിയത് – അരക്കപ്പ് ,,, പച്ചമുളക് – നാല്
പാകം ചെയ്യുന്ന വിധം :-
- ഉരുളിയിൽ വെളിച്ചെണ്ണ ചൂടാക്കി രണ്ടാമത്തെ ചേരുവ വറക്കുക .
- ഇതിലേക്ക് മൂന്നാമത്തെ ചേരുവ ചേർത്തിളക്കി അടച്ചുവച്ചു വേവിക്കുക.
- വെന്ത ശേഷം നാലാമത്തെ ചേരുവ യോജിപ്പിച്ചു ചതച്ചത് ചേർത്തിളക്കി അല്പം വെളിച്ചെണ്ണയും ചേർത്ത് ഉപയോഗിക്കാം.
സാമ്പാർ
- മല്ലി – അരക്കപ്പ് ,,, വറ്റൽമുളക് – 15 ,,, കടലപ്പരിപ്പ് – ഒരു ചെറിയ സ്പൂൺ ,,, ഉലുവ – ഒരു ചെറിയ സ്പൂൺ ,,, കറിവേപ്പില – രണ്ടു തണ്ട്
- തുവരപ്പരിപ്പ് – അരക്കപ്പ്
- വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ
- സവാള അരിഞ്ഞത് – അരക്കപ്പ്
- മുരിങ്ങക്കായും കാരറ്റും ഒരിഞ്ച് നീളത്തിൽ അരിഞ്ഞത് – അരക്കപ്പ് ,,, മഞ്ഞൾപൊടി – ഒരു ചെറിയ സ്പൂൺ ,,, കായം – 10 ഗ്രാം ,,, മുളകുപൊടി – ഒരു ചെറിയ സ്പൂൺ
- വെള്ളം – നാലു കപ്പ്
- വാളൻപുളി – ഒരു വലിയ നെല്ലിക്ക വലുപ്പത്തിൽ
- തക്കാളി അരിഞ്ഞത് – അരക്കപ്പ് ,,, വെണ്ടയ്ക്ക കഴുകി ഒരിഞ്ചു നീളത്തിൽ അരിഞ്ഞത് – അരക്കപ്പ്
- തേങ്ങ ചുരണ്ടി ചുവന്നുള്ളി ചേർത്തു വറുത്തരച്ചത് – ഒരു കപ്പ്
- കറിവേപ്പില – ഒരു പിടി ,,, മല്ലിയില അരിഞ്ഞത് – ഒരു വലിയ സ്പൂൺ
- വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ
- കടുക് – രണ്ടു ചെറിയ സ്പൂൺ ,,, വറ്റൽ മുളക് – നാല്, കഷ്ണങ്ങൾ ആക്കിയത്,,,, കറിവേപ്പില-രണ്ടു തണ്ട്,
പാകം ചെയ്യുന്ന വിധം :-
- ഒന്നാമത്തെ ചേരുവ ഉരുളിയിൽ എണ്ണയില്ലാതെ ഗോൾഡൻ ബ്രൗൺ നിറത്തിൽ വറുത്ത് ചൂടാറുമ്പോൾ പൊടിച്ചു സാമ്പാർപൊടി തയ്യാറാക്കി വയ്ക്കാം.
- പരിപ്പ് വേവിച്ചു വയ്ക്കുക.
- വെളിച്ചെണ്ണയിൽ സവാള വഴറ്റി അഞ്ചാമത്തെ ചേരുവയും നാലു കപ്പ് വെള്ളവും ചേർത്തു വേവിക്കുക.
- വാളൻപുളി വെള്ളത്തിൽ കുതിർത്ത് പിഴിഞ്ഞു ചേർത്ത ശേഷം തക്കാളിയും വെണ്ടക്കയും ചേർത്തിളക്കണം
- വെണ്ടയ്ക്ക വെന്ത ശേഷം വറുത്തരച്ച തേങ്ങയും തുവരപ്പരിപ്പ് വേവിച്ചതും ചേർത്ത് തിളപ്പിക്കുക
- ഇതിലേക്ക് കറിവേപ്പിലയും മല്ലിയിലയും ചേർത്തിളക്കി അടുപ്പിൽനിന്നു വാങ്ങാം.
- വെളിച്ചെണ്ണയിൽ പന്ത്രണ്ടാം ചേരുവ വറുത്തു സാമ്പാറിൽ ചേർത്തിളക്കുക.
അവിയൽ
- പച്ചക്കറികൾ വൃത്തിയാക്കി രണ്ടിഞ്ചു നീളത്തിൽ കനം കുറച്ച് അരിഞ്ഞത്
ചേന – ഒരു കപ്പ് , നേന്ത്രക്കായ – അരക്കപ്പ് ,, പച്ചപ്പയർ – കാൽ കപ്പ് , പടവലങ്ങ – കാൽ കപ്പ് , കാരറ്റ് – കാൽ കപ്പ് ,, മുരിങ്ങക്കായ – കാൽ കപ്പ് ,, വെള്ളരിക്ക – കാൽ കപ്പ് ,, പാവയ്ക്ക – ഒരു വലിയ സ്പൂൺ
2. വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ ,, മഞ്ഞൾപ്പൊടി – രണ്ടു ചെറിയ സ്പൂൺ ,, മുളകുപൊടി – ഒരു ചെറിയ സ്പൂൺ ,, ഉപ്പ് – പാകത്തിന്
3. തൈര് – ഒരു കപ്പ് ,, ശർക്കര – ഒരു അച്ച്
4. തേങ്ങ ചുരണ്ടിയത് – ഒന്നരക്കപ്പ് ,,, പച്ചമുളക് – അഞ്ച് ,, കറിവേപ്പില – രണ്ടു തണ്ട്
5. വെളിച്ചെണ്ണ – അരക്കപ്പ്
പാകം ചെയ്യുന്ന വിധം :-
- ഒന്നാമത്തെ ചേരുവ നന്നായി കഴുകി ഉരുളിയിലാക്കി രണ്ടാമത്തെ ചേരുവ ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക.
- ഇതിലേക്ക് തൈരും ശർക്കരയും ചേർത്ത് അടുപ്പിൽ വച്ചു ചെറുചൂടിൽ അടച്ചു വച്ചു വേവിക്കുക.
- പച്ചക്കറികൾ വെന്ത ശേഷം അടപ്പുമാറ്റി വെള്ളം വറ്റിച്ചെടുക്കണം.
- തേങ്ങയും പച്ചമുളകും യോജിപ്പിച്ചു ചതച്ചതും കറിവേപ്പിലയും ചേർത്തിളക്കി ആവി വരുമ്പോൾ വാങ്ങി വെളിച്ചെണ്ണയും ചേർത്ത് ഉപയോഗിക്കാം.
രസം
- തുവരപ്പരിപ്പ് – കാൽ കപ്പ്
- വാളൻപുളി – ഒരു ചെറിയ നെല്ലിക്ക വലിപ്പത്തിൽ
- മല്ലി – ഒരു വലിയ സ്പൂൺ ,,, ജീരകം – ഒരു ചെറിയ സ്പൂൺ
- തക്കാളി അരിഞ്ഞത് – കാൽ കപ്പ് ,,, മഞ്ഞൾപൊടി – ഒരു ചെറിയ സ്പൂൺ ,,, മുളകുപൊടി – ഒരു ചെറിയ സ്പൂൺ,,, കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ ,,, ഉപ്പ് – പാകത്തിന് ,,, ശർക്കര – ഒരു അച്ച് ,,, കായംപൊടി – ഒരു നുള്ള്
- മല്ലിയില അരിഞ്ഞത് – ഒരു പിടി ,,, കറിവേപ്പില – രണ്ടു തണ്ട്
- വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ
- കടുക് – ഒരു ചെറിയ സ്പൂൺ ,,, വറ്റൽമുളക് – രണ്ട് , കഷ്ണങ്ങളാക്കിയത് ,,, കറിവേപ്പില – ഒരു തണ്ട്
- മല്ലിയില , തക്കാളി – അലങ്കരിക്കാൻ
പാകം ചെയ്യുന്ന വിധം :-
- തുവരപ്പരിപ്പ് അഞ്ചു കപ്പ് വെള്ളത്തിൽ വേവിച്ച് വെള്ളം മാത്രമെടുത്ത് മാറ്റി വയ്ക്കുക.
- പുളി വെള്ളത്തിൽ കുതിർത്ത് പിഴിഞ്ഞ് അരിച്ചെടുക്കണം. മല്ലി ജീരകം ചേർത്ത് പൊടിച്ചു വയ്ക്കുക.
- പുളി പിഴിഞ്ഞതും മല്ലി ജീരകം പൊടിച്ചതും നാലാമത്തെ ചേരുവയും ചേർത്ത് തിളപ്പിക്കുക.
- നന്നായി തിളയ്ക്കുമ്പോൾ തുവരപ്പരിപ്പ് വേവിച്ച വെള്ളം ചേർത്ത് വീണ്ടും തിളപ്പിക്കുക.
- ഇതിലേക്ക് മല്ലിയിലയും കറിവേപ്പിലയും ചേർത്തിളക്കി വാങ്ങുക.
- വെളിച്ചെണ്ണയിൽ ഏഴാമത്തെ ചേരുവ വറുത്ത് രസത്തിൽ ചേർത്ത് മല്ലിയിലയും തക്കാളിയും കൊണ്ട് അലങ്കരിച്ച് വിളമ്പാം.
പാലടപ്രഥമൻ
- ഉണക്കലരി നനച്ചു പൊടിച്ചുണ്ടാക്കിയ അട – അരക്കപ്പ്
- പാൽ – ഒന്നര ലിറ്റർ ,,, പഞ്ചസാര – ഒന്നരക്കപ്പ്
പാകം ചെയ്യുന്ന വിധം :-
- ഓട്ടുരുളിയിൽ പാലും പഞ്ചസാരയും ചേർത്ത് അടുപ്പത്തു വച്ച് ചെറുതീയിൽ കുറുക്കണം
- പാൽ നന്നായി കുറുകി ഗോൾഡൻ നിറം വരുമ്പോൾ തയ്യാറാക്കിവച്ചിരുന്ന അട ചേർത്തിളക്കുക.
- വീണ്ടും കുറുകി പാകമാകുമ്പോൾ അടുപ്പിൽ നിന്നും വാങ്ങി ഉപയോഗിക്കാം.