ഗോഥയില്‍ വാശിയേറിയ പോരാട്ടം; കാണികളെ അമ്പരപ്പിച്ച് പെണ്‍ കരുത്ത് ; ആവേശക്കാഴ്ചയായി ലുലുമാളിലെ ഗാട്ടാ ഗുസ്തിമത്സരം

GATTA GUSTHI 08 scaledGATTA GUSTHI 08 scaled

കോട്ടയം സ്വദേശി അഞ്ജുമോള്‍ ജോസഫ് കേരള ക്വീണ്‍

കൊച്ചി: ഗോഥയില്‍ തീ പാറുന്ന പോരാട്ടവുമായി വനിതാ ഗുസ്തി താരങ്ങള്‍. കാണികള്‍ക്ക് ആവേശക്കാഴ്ചയൊരുക്കുന്നതായിരുന്നു ലുലുമാളിലെ ഗാട്ടാ ഗുസ്തി മത്സരം. 16 മത്സരാര്‍ത്ഥികള്‍ മാറ്റുരച്ച ഗാട്ട ഗുസ്തി മത്സരം വാശിയേറിയ പോരാട്ടമായി മാറി. വനിതാ ദിന ആഘോഷങ്ങളുടെ ഭാഗമായി കേരള ഗാട്ട ഗുസ്തി അസോസിയേഷനും, കൊച്ചി ലുലുമാളും, എന്നിവയുമായി സഹകരിച്ചാണ് മത്സരം മാളില്‍ അരങ്ങേറിയത്. കേരളത്തിലെ വനിതാ കായികതാരങ്ങളുടെ ശക്തിയും കഴിവും പ്രദര്‍ശിപ്പിക്കുന്ന കാഴ്ചയായി മത്സരം മാറി. കേരള ക്വീണായി കോട്ടയം സ്വദേശി അഞ്ജുമോള്‍ ജോസഫ് തിരഞ്ഞെടുക്കപ്പെട്ടു. ലുലുമാളിലെ എട്രിയത്തിലൊരുക്കിയ മണല്‍പ്പരപ്പായിരുന്നു ഗോഥ. കയ്യടികളും ആര്‍പ്പുവിളികളും നിറഞ്ഞതോടെ വീറും വാശിയുമേറിയ ചടുല മത്സരമായി ചാമ്പ്യന്‍ഷിപ്പ് മാറുകയും ചെയ്തു.

50 കിലോ മുതല്‍ 62 കിലോ വരെയും 63 കിലോ മുതല്‍ 76 കിലോ വരെ എന്നിങ്ങനെ രണ്ട് വിഭാഗങ്ങിലായിരുന്നു മത്സരം. ഓരോ മത്സരത്തിലും വനിതാ താരങ്ങളുടെ ആവേശ പോരോട്ടം നിറഞ്ഞു. കാലിടറിയും മലര്‍ത്തിയടിച്ചും വീഴ്ചയില്‍ നിന്ന് വാശിയോടെ ഉയിര്‍ത്തെണീറ്റും മത്സരം കൊഴുത്തത്. 76 കിലോ വിഭാഗത്തിന്റെ ഒന്നാം കാറ്റഗറി മത്സരത്തില്‍ കോട്ടയം സ്വദേശി അഞ്ചുമോള്‍ ജോസഫ് ഒന്നാം സ്ഥാനം നേടി, കൊല്ലം സ്വദേശി ആര്യനാഥ് രണ്ടാം സ്ഥാനവും, ആലപ്പുഴ സ്വദേശി അഞ്ജിത ആന്റണി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 62 കിലോ മത്സരവിഭാഗത്തില്‍ ഇടുക്കി സ്വദേശി മഞ്ജുഷ ഒന്നാം സ്ഥാനവും, കോട്ടയം സ്വദേശി അമൃത രാജേഷ് രണ്ടാം സ്ഥാനവും, കൊല്ലം സ്വദേശി പാര്‍വതി മൂന്നാം സ്ഥാനവും നേടി.

തുടര്‍ന്ന് നടന്ന കേരള ക്വീണ്‍ മത്സരത്തില്‍ അഞ്ജുമോള്‍ ജോസഫും അമൃതരാജേഷും മല്ലടിച്ചു. വാശിയേറിയ മത്സരത്തിനൊടുവില്‍ അഞ്ജുമോള്‍ ജോസഫിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. ഫസ്റ്റ് റണ്ണറപ്പായി അമൃതരാജേഷ് മാറി. ജേതാക്കള്‍ക്ക് 10,000, 5,000, 3,000 എന്നിങ്ങനെ ക്യാഷ് അവാര്‍ഡും പുരസ്‌കാരവും സമ്മാനിച്ചു. വനിതാ ഗുസ്തി അസോസിയേഷന്‍ സെക്രട്ടറി ടി.ജെ ജോര്‍ജ്, പ്രസിഡന്റ് കെ.വി സെബാസ്റ്റ്യൻ, നാഷണൽ ഫ്രീ സ്റ്റൈൽ ​ഗോൾഡ് മെഡലിസ്റ്റ് വുമൺ ജാസ്മിൻ ജോർജ്, എം.എം സലീം എന്നിവരടങ്ങുന്ന അറംഗ പാനലായിരുന്നു വിധികര്‍ത്താക്കള്‍. ലുലു ഗ്രൂപ്പ് ഇന്ത്യ മാര്‍ക്കറ്റിങ് ഹെഡ് ഐശ്വര്യ ബാബു, ലുലു ഇന്ത്യ ലീസിങ് ജനറല്‍ മാനേജര്‍ റീമ രെജി, തുടങ്ങിയവര്‍ സംബന്ധിച്ചു.

GATTA GUSTHI 11 scaledGATTA GUSTHI 11 scaled

കൊച്ചി ലുലുമാളില്‍ നടന്ന വനിതാ ഗാട്ട ഗുസ്തിമത്സരത്തില്‍ വിജയിയായ കോട്ടയം സ്വദേശി അഞ്ജുമോള്‍ ജോസഫിന് കിരീടം ചൂടിക്കുന്നു. കൊച്ചി ലുലുമാള്‍ ജനറല്‍ മാനേജര്‍ വിഷ്ണു ആർ നാഥ്, സീനിയർ ഓപ്പറേഷൻസ് മാനേജർ ഒ. സുകുമാരൻ, മാൾ മാനേജർ റിചേഷ് സി. , തുടങ്ങിയവർ സമീപം.

കൊച്ചി ലുലുമാളില്‍ നടന്ന വനിതാ ഗാട്ട ഗുസ്തിമത്സരത്തിലെ കാഴ്ച.

gatta gusthi at kochi lulu

admin:
Related Post