കൃഷിക്കായി മണ്ണ് പരിശോധിക്കാം

ഫലപുഷ്ടിയുള്ള മണ്ണാണ് ചെടികളുടെ ആരോഗ്യകരമായ വളര്‍ച്ചയ്കും ഉയര്‍ന്ന ഉത്‌പാദനത്തിനും നിദാനം. മണ്ണ്‍ അറിഞ്ഞ് വളം ചെയ്‌താല്‍ മാത്രമേ നല്ല ഉത്പാദനം ലഭിക്കുകയുള്ളൂ.

 ഓരോ പ്രദേശത്തെയും മണ്ണിന്‍റെ ഫലപുഷ്ടി അനുസരിച്ച് വിളകള്‍ക്ക് ലഭ്യമാകുന്ന സസ്യപോഷകങ്ങളുടെ അളവ് നിര്‍ണ്ണയിക്കുകയാണ് മണ്ണുപരിശോധന കൊണ്ട് ഉദ്ദേശിക്കുന്നത്.

സസ്യപോഷകങ്ങളെപ്പോലെ തന്നെ മണ്ണിന്‍റെ ഫലപുഷ്ടി നിര്‍ണ്ണയിക്കുന്ന മറ്റൊരു ഘടകമാണ് അതിന്‍റെ അമ്ലക്ഷാരാവസ്ഥ. ഇത് ക്രമീകരിക്കാന്‍ കുമ്മായ വസ്തുക്കള്‍ എത്രത്തോളം ആവശ്യമുണ്ടെന്ന്‍ മണ്ണുപരിശോ ധനയിലൂടെ മനസ്സിലാക്കാന്‍ സാധിക്കും.

മണ്ണു സാമ്പിള്‍ എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • പരിശോധനക്കായി എടുക്കുന്ന സാമ്പിള്‍ കൃഷിസ്ഥലത്തെ മുഴുവന്‍ പ്രതിനിധീകരിക്കുന്നതായിരിക്കണം
  • ഓരോ പറമ്പ് അല്ലെങ്കില്‍ ഓരോ നിലത്തില്‍ നിന്നും പ്രത്യേക സാമ്പിളൂകള്‍ എടുക്കുക.
  • കൃഷിയിടത്തിന്‍റെ വിവിധ സ്ഥലങ്ങളില്‍ നിന്നും ശേഖരിക്കുന്ന മണ്ണ്‍ കൂട്ടികലര്‍ത്തി ഒരു സാമ്പിള്‍ തയ്യാറാക്കി പരിശോധിക്കണം.
  • ഓരോ പ്രദേശത്തെയും മണ്ണിന്‍റെ ഘടന, ആഴം,സ്ഥലത്തിന്‍റെ ചരിവ്, നീര്‍ വാര്‍ച്ചാ സൌകര്യങ്ങള്‍, ചെടികളുടെ വളര്‍ച്ച മുതലായവയുടെ അടിസ്ഥാനത്തില്‍ ഓരോ കൃഷിയിടങ്ങളില്‍ നിന്നും പ്രത്യേക സാമ്പിളുകള്‍ എടുക്കണം
  • ചെടികള്‍ വരിവരിയായി നട്ടിരിക്കുകയാണെങ്കില്‍ രണ്ടു വരികള്‍ക്കിടയില്‍ നിന്നുമാണ് സാമ്പിള്‍ എടുക്കേണ്ടത്.
  • മണ്ണ് സാമ്പിളുകള്‍ കുമ്മായം, ജിപ്സം വളങ്ങള്‍ എന്നിവയുമായി ബന്ധപ്പെടുത്തരുത്. കുമ്മായമോ വളമോ ചേര്‍തതിട്ടുണ്ടെങ്കില്‍ 3 മാസം കഴിഞ്ഞേ സാമ്പിള്‍ എടുക്കാവു.
  • ശേഖരിച്ച മണ്ണ്‍ 6 മാസം കാലാവധിക്ക് ശേഷം പരിശോ ധനയ്ക്ക് അയക്കുവാന്‍ പാടുള്ളതല്ല.

സാമ്പിള്‍ ശേഖരണത്തിനു തീര്‍ത്തും ഒഴിവാക്കേണ്ട സ്ഥലങ്ങള്‍

വരമ്പിനോട് ചേര്‍ന്നു കിടക്കുന്ന ഭാഗങ്ങള്‍
അടുത്തിടയ്ക്ക് വളം ചെയ്ത സ്ഥലങ്ങള്‍
വളക്കുഴികളുടെയൊ കമ്പോസ്റ്റ് വളക്കുഴികളുടെയൊ സമീപം
മരങ്ങളുടെ തായ്ത്തടിയുടെ സമീപം
വീട് / റോഡ്‌ എന്നിവയോട് ചേര്‍ന്ന പ്രദേശങ്ങള്‍
കൃഷിയോഗ്യമല്ലാത്ത സ്ഥലത്തോട് ചേര്‍ന്ന സ്ഥലങ്ങള്‍

മണ്ണു സാമ്പിള്‍ ശേഖരിക്കുന്നതിനുള്ള ഉപകരണങ്ങള്‍

മണ്‍വെട്ടി , ഓഗര്‍, പ്ലാസ്റ്റിക് ബക്കററ്

മണ്ണു സാമ്പിള്‍ ശേഖരിക്കുന്ന വിധം

കൃഷി ചെയ്യാന്‍ ഉദ്ദേശിക്കുന്ന വിളയുടെ വേര്പടലത്തിന്‍റെ ആഴത്തില്‍ ഉള്ള മണ്ണ്‍ സാമ്പിളുകള്‍ എടുക്കുക. നെല്ല്, പച്ചക്കറി, പയറുവര്‍ഗ്ഗങ്ങള്‍, മുതലായ ചെടികള്‍ക്ക് 15 സെ.മീ. ആഴത്തിലും മറ്റു വിളകള്‍ക്ക് 25 സെ.മീ. ആഴത്തിലുമാണ് സാമ്പിളുകള്‍ എടുക്കേണ്ടത്.
ചെടിയുടെ നിന്നും 15 മുതല്‍ 20 സെ. മീ. വിട്ടാണ് മണ്ണ്‍ എടുക്കേണ്ടത്. വാഴ, തെങ്ങ്‌ എന്നിവയ്ക്ക് തടത്തിന്റെ പുറത്ത് നിന്നാണ് മണ്ണ്‍ പരിശോധനയ്ക്കായി എടുക്കേണ്ടത്. വാഴയ്ക്ക് ഉദ്ദേശം 75 സെ. മീ. (രണ്ടര അടി) അകലെ നിന്നും തെങ്ങിന് ചുവട്ടില്‍ നിന്നും 2 മീറ്റര്‍ (ഉദ്ദേശം ആറടി)അകലെ നിന്നും വേണം സാമ്പിളുകള്‍ ശേഖരിക്കെണ്ടത്
മണ്ണ്‍ സാമ്പിളുകള്‍ എടുക്കുന്ന സ്ഥലം ആദ്യമായി പുല്ലും ഉണങ്ങിയ ഇലകളും നീക്കം ചെയ്ത് വൃത്തിയാക്കണം.

ഇങ്ങനെ വൃത്തിയാക്കിയ സ്ഥലത്ത് നിന്നും മണ്‍വെട്ടി ഉപയോഗിച്ച് നിര്‍ദ്ദിഷ്ട ആഴത്തില്‍ ‘ V ‘ ആകൃതിയില്‍ മണ്ണ്‍ വെട്ടിയെടുക്കുക.

ഒരു പുരയിടത്തിന്റെ മണ്ണ്‍ സാമ്പിളുകള്‍ ശേഖരിക്കാന്‍ ‘സിഗ് സാഗ് ‘ (തലങ്ങും വിലങ്ങും ) രീതിയില്‍ നീങ്ങേണ്ടതാണ്.
ഒരേ സ്വഭാവമുള്ള ഒരേക്കര്‍ നിലത്തു നിന്ന് 5 – 10 സബ് സാമ്പിളുകള്‍ ശേഖരിക്കെണ്ടതാണ്.
ഇങ്ങനെ പല ഭാഗങ്ങളില്‍ നിന്ന് ശേഖരിച്ച മണ്ണ്‍ കല്ലും മറ്റ് സസ്യഭാഗങ്ങളും നീക്കി, കട്ടകള്‍ ഇടിച്ച് നല്ലതുപോലെ കൂട്ടികലര്‍ത്തുക.

മണ്ണ്‍ സാമ്പിള്‍ തയ്യാറാക്കുന്ന വിധം

പല സ്ഥലങ്ങളില്‍ നിന്നും ശേഖരിച്ച മണ്ണ്‍ 500 ഗ്രാം (1/2 കിലോ) ആയി കുറയ്ക്കേണ്ടതാണ്. ചതുര്‍വിഭജനം എന്ന പ്രക്രിയയിലൂടെ മണ്ണ്‍ (1/2 കിലോ) ആക്കാം. ശേഖരിച്ച മണ്ണ്‍ നന്നായി കൂട്ടികലര്‍ത്തി ഒരു പ്ലാസ്റ്റിക് ഷീറ്റില്‍ നിരത്തിയിടുക.

അതിനുശേഷം നെടുകെയും കുറുകെയും ഓരോ വര വരച്ച് നാലായി വിഭജിക്കുക. ഇതില്‍ നിന്നും കോണോട്കോണ്‍ വരുന്ന രണ്ടു ഭാഗങ്ങളും നീക്കികളഞ്ഞശേഷം വീണ്ടും മറ്റ് രണ്ട് ഭാഗങ്ങള്‍ കൂട്ടികലര്‍ത്തി ഒന്നിച്ച് കൂനയാക്കുക. അവസാനം മണ്ണ്‍ അര കിലോ ആകുന്നതുവരെ ഈ ചതുര്‍വിഭജനം തുടരേണ്ടതാണ്.

ഇങ്ങനെ തയ്യാറാക്കിയ സാമ്പിള്‍ വൃത്തിയുള്ള തറയിലോ കടലാസിലോ നിരത്തി തണലില്‍ ഉണക്കിയെടുക്കണം. ഒരിക്കലും മണ്ണ്‍ വെയിലത്ത് ഉണക്കാന്‍ പാടില്ല.
ഉണങ്ങിയ മണ്ണ് സാമ്പിള്‍ തുണി സഞ്ചിയിലോ പ്ലാസ്റ്റിക് സഞ്ചിയിലോ നിറച്ച് പരിശോധനയ്ക്ക് അയയ്ക്കാം. സാമ്പിള്‍ തിരിച്ചറിയാനുള്ള നമ്പരോ കോഡോ മാഞ്ഞുപോകാതിരിക്കത്തക്കവിധം സഞ്ചിക്കുള്ളിലും പുറത്തും വയ്ക്കുക. മണ്ണ്‍ സാമ്പിളിനോടൊപ്പം അയക്കുന്ന ഫോറത്തിലും ഈ കോഡ് നമ്പര്‍ രേഖപ്പെടുത്തേണ്ടതാണ്.

മണ്ണു സാമ്പിളിനോടൊപ്പം അയക്കേണ്ട വിവരങ്ങള്‍

കര്‍ഷകന്റെ പേരും മേല്‍വിലാസവും
വില്ലേജ്, ബ്ലോക്ക്, പഞ്ചായത്ത്,ജില്ല.
സാമ്പിള്‍ എടുത്ത രീതി
കൃഷി സ്ഥലത്തിന്‍റെ സര്‍വേ നമ്പര്‍
അടുത്തതായി കൃഷി ചെയ്യാനുദ്ദേശിക്കുന്ന വിള
മുമ്പ് കൃഷി ചെയ്തിരുന്ന (തൊട്ടു മുമ്പുള്ള മൂന്ന് കൃഷിയുടെ വിളവും വളപ്രയോഗവും )
നിര്‍ദ്ദേശം വേണ്ട കൃഷികള്‍, ഇനം
ഏതെങ്കിലും പ്രത്യേകത കണ്ടിട്ടുണ്ടെങ്കില്‍ അതും
കൃഷിക്കുള്ള ജലസേചന മാര്‍ഗ്ഗം
നിര്‍വാര്‍ച്ച സൌകര്യം
മണ്ണിന്‍റെ പ്രത്യേകതകള്‍ (മണ്ണിന്‍റെ അടിയില്‍ ഉറച്ച പാരു മണ്ണോ പാറയോ അലിഞ്ഞു ചേരാത്ത പദാര്‍‌ത്‌ഥങ്ങള്‍, മണ്ണൊലിപ്പ് എന്നിവ)
കുമ്മായമോ മറ്റോ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അതിന്‍റെ അളവും ഉപയോഗിച്ച സമയവും.

കേരളത്തിലെ മണ്ണുപരിശോധന സൗകര്യങ്ങള്‍

തിരുവനന്തപുരം ജില്ലയില്‍ പാറോട്ടുകോണത്ത് പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ സോയില്‍ ആന്‍റ് പ്ലാന്‍റ് ഹെല്‍ത്ത് ‌സെന്‍ററിന്റെ കീഴില്‍ സംസ്ഥാനത്തോട്ടാകെ 14 ജില്ലാ മണ്ണു പരിശോധന ലബോറട്ടറികള്‍ പ്രവര്‍ത്തിച്ചു വരുന്നു. കര്‍ഷകര്‍ ശേഖരിക്കുന്ന മണ്ണു സാമ്പിളുകള്‍ നിര്‍ദ്ദിഷ്ട ഫോറത്തിലുള്ള അപേക്ഷയോടൊപ്പം കൃഷി ഭവനില്‍ നിന്നും ജില്ല മണ്ണു പരിശോധന ലബോറട്ടറികളില്‍ എത്തിച്ച് പരിശോധിക്കുന്നു. തികച്ചും സൌജന്യമായിട്ടാണ് ഇങ്ങനെ മണ്ണു പരിശോധന നടത്തുന്നത്. എന്നാല്‍ കര്‍ഷകര്‍ നേരിട്ട് ലബോറട്ടറികളില്‍ എത്തിക്കുന്ന സാമ്പിളിന് 50 രൂപ ഫീസ്‌ ഈടാക്കി പരിശോധന നടത്തുന്നു.

മണ്ണ്‍ പരിശോധന ഘടകങ്ങള്‍

താഴെ പറയുന്ന ഘടകങ്ങള്‍ക്ക് മണ്ണ്‍ പരിശോധന നടത്തി വരുന്നു.

അമ്ല ക്ഷാരത്വം
സാള്‍ട്ട് ലയിച്ച് ചേര്‍ന്നിട്ടുള്ള അളവ്
പാക്യജനകം (നൈട്രജന്‍)
ഭാവഹം (ഫോസ്ഫറസ് )
ക്ഷാരം (പൊട്ടാഷ്)
സെക്കന്ററി മുലകങ്ങള്‍ (കാത്സ്യം, മെഗ്നീഷ്യം, സള്‍ഫര്‍ )
സുക്ഷ്മ മുലകങ്ങള്‍ (ഇരുമ്പ്, ചെമ്പ്, നാകം, മാന്ഗനീസ് )

കടപ്പാട് : കാർഷിക വിവര സങ്കേതം

admin:
Related Post