താമരകൃഷി സാധ്യതയുള്ള ഒരു ഉപജീവനമാര്‍ഗ്ഗമായി കാണുന്ന ചെറുപ്പക്കാര്‍ നാട്ടിലുണ്ട്. വിദേശത്തെ ജോലി മതിയാക്കി എത്തുന്നവര്‍ പോലും താമരകൃഷി തെരഞ്ഞെടുക്കാറുണ്ട്. പക്ഷെ സൂക്ഷിച്ചില്ലെങ്കില്‍ കൈ പൊള്ളുന്ന ഒന്നായി താമരകൃഷി മാറിയേക്കാം. കേരളത്തിലെ പ്രത്യേക കാലവസ്ഥയില്‍ എത്രമാത്രം സുരക്ഷിതമാണ് എന്ന് പഠിച്ചതിന് ശേഷം വേണം താമരകൃഷിയില്‍ മുതലിറക്കാന്‍. കാലാവസ്ഥാ വ്യതിയാനം കേരളത്തിലെ ജലവിതാനങ്ങളുടെ സ്വഭാവത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. അതിനാല്‍ തന്നെ താമരകൃഷി ചെയ്യാനൊരുങ്ങുന്ന ചെറുപ്പക്കാര്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. വള്ളുവനാടിന്റെ വടക്കും ഏറനാട്ടിലുമുള്ള തീരമേഖലയിലും വരുമാനം ഉറപ്പാക്കുന്ന താമരപ്പാടങ്ങളുണ്ട്. എന്നാല്‍ കേരളത്തില്‍ മൊത്തമായി താമരകൃഷി വിജയകരമായേക്കണമെന്നില്ല. അതിനാല്‍ പുതിയ സംരഭകര്‍ക്ക് വീട്ടില്‍ പരീക്ഷണാടിസ്ഥാനത്തില്‍ താമരകൃഷി പരീക്ഷിച്ച് നോക്കാവുന്നതാണ്.
താമരവിത്ത് സംഘടിപ്പിക്കുക എന്നുള്ളതാണ് ആദ്യത്തെ പ്രക്രിയ. താമരകൃഷി ചെയ്യുന്നവരില്‍ നിന്ന് ആവശ്യത്തിനുള്ള വിത്തുകള്‍ സംഘടിപ്പിക്കാം. താമരവിത്തുകള്‍ വില്‍ക്കുന്ന ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകളുമുണ്ട്.താമരവിത്തിന്റെ തോടിന് അല്പം കടുപ്പം കൂടുതലായതിനാല്‍ നടുന്നതിന് മുമ്പ് കുറച്ച് മുന്നൊരുക്കം വേണ്ടതുണ്ട്. തോടിന്റെ കട്ടികൊണ്ട് വിത്തില്‍ നിന്ന് മുളപൊട്ടി പുറത്തു വരാന്‍ സമയമെടുക്കും. അതിനാല്‍ പുറന്തോട് ചെറുതായെന്ന് പൊട്ടിച്ചതിന് ശേഷം വേണം ചെറിയ പാത്രത്തില്‍ വെള്ളം നിറച്ച് വിത്തുകള്‍ അതിലിട്ടുവെക്കാന്‍. നാലാം ദിവസം വേരുകള്‍ പുറത്തേക്കുവരും. വേരുകള്‍ പുറത്തുവന്ന് കുറച്ചു ദിവസം കൂടി താമരവിത്ത് ആ പാത്രത്തില്‍ തന്നെ സൂക്ഷിക്കണം. നിത്യേന പാത്രത്തിലെ വെള്ളം മാറ്റാന്‍ ജാഗ്രത കാണിക്കണം.