വിവിധതരം ജീവാണു കീടനാശിനികൾ

1 . ബാസിലസ് മാസറന്‍സ്

വെണ്ടയുടെ നിമാവിരകളെ നിയന്ത്രിക്കുന്നതിനായി ഉപയോഗിക്കാവുന്ന  ബാക്ടിരിയമാണിത്.

2 .  മെറ്റാറൈസിയം അനിസോപ്ളിയെ

മെറ്റാറൈസിയം അനിസോപ്ളിയെ സ്വാഭാവികമായി മണ്ണില്‍ വളരുന്ന ഒരു കുമിളാണ്. ഇത് കീടങ്ങളില്‍ ഒരു പരാദമായി പ്രവര്‍ത്തിച്ച് ഗ്രീന്‍ മസ്കാര്‍ഡിന്‍ രോഗമുണ്ടാക്കുന്നു. ഈ കുമിളിന്‍റെ സ്പോറുകള്‍ കീടത്തിന്‍റെ ശരീരത്തില്‍ സ്പര്‍ശിക്കുമ്പേള്‍ അവിടെ പറ്റിപ്പിടിച്ച് കീടത്തിന്‍റെ പുറന്തോട് തുളച്ച് ഉള്ളിലേക്ക് വളുരുന്നു. രോഗം ബാധിച്ച കീടങ്ങളുമായി സമ്പര്‍ക്കത്തില്‍ വരുന്ന മറ്റ് കീടങ്ങളിലേക്കും ഈ രോഗം പകരുന്നു. പച്ചക്കറികളെ ആക്രമിക്കുന്ന വണ്ടുകള്‍, കായ്/തണ്ടു തുരപ്പന്‍ പുഴു എന്നിവയെ ഈ ജൈവകീടനാശിനി ഉപയോഗിച്ച് ഫലപ്രദമായി നിയന്ത്രിക്കാം. 20 ഗ്രാം ഫോര്‍മുലേഷന്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് തളിക്കാവുന്നതാണ്.

ജീവാണു കീടനാശിനികള്‍ ചെടികളില്‍ നല്ലതുപേലെ നനയുന്നരീതിയില്‍ തളിക്കണം. തളിക്കുമ്പോള്‍ ഇലയുടെ അടിവശത്തും തളിക്കണം. തളിക്കുന്ന ലായനിയില്‍ 0.5 ശതമാനം സാന്ദ്രതയില്‍ ശര്‍ക്കര ചേര്‍ക്കുന്നത് സ്പ്രേ ലായനിയുടെ ഗുണം കൂട്ടുന്നതിന് സഹായിക്കും.

3 . വെര്‍ട്ടിസീലിയം ലീക്കാനി

മുഞ്ഞകള്‍, ശല്‍ക്കകീടങ്ങള്‍, വെള്ളീച്ചകള്‍, ഇലപ്പേനുകള്‍, മണ്ഡരികള്‍, നിമാവിരകള്‍ മുതലായ കീടങ്ങളുടെ നിയന്ത്രണത്തിന് സഹായിക്കുന്ന ജീവാണു കീടനാശിനിയാണ് വെര്‍ട്ടിസീലിയം ലീക്കാനി. 10 ഗ്രാം വെര്‍ട്ടിസീലിയം ഫോര്‍മുലേഷന്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ ഇളക്കിച്ചേര്‍ക്കുക. ഈ ലായനി രാവിലെയോ വൈകുന്നേരങ്ങളിലോ ഇലകളുടെ ഇരു വശങ്ങളിലും നന്നായി നനയത്തക്കവിധം തളിക്കുക.

4 .  ബാസിലസ്സ് തൂറുഞ്ചിയന്‍സിസ്

ബാസിലസ്സ് തൂറുഞ്ചിയന്‍സിസ് (ബി റ്റി) സ്വാഭാവികമായി മണ്ണില്‍ കാണപ്പെടുന്നതും കീടങ്ങള്‍ക്ക് രോഗബാധ ഉണ്ടാക്കുന്നതുമായ ഒരു ബാക്ടീരിയമാണ്. ഉപയോഗിക്കുന്നതിനുള്ള സൌകര്യവും കുറഞ്ഞ ചെലവും വ്യാപക നശീകരണ ശേഷിയും കാരണം ജൈവകൃഷിരംഗത്ത് കീടനിയന്ത്രത്തിന് ഏറെ സ്വീകാര്യമാണിത്. ഈ ബാക്ടീരിയം വിവധ കീടങ്ങളുടെ ലാര്‍വകളുടെ അന്നനാളത്തില്‍ കടക്കുകയും ബാക്ടീരിയ ഉല്പാദിപ്പിക്കുന്ന വിഷവസ്തുക്കള്‍ കീടങ്ങളുടെ ദഹനസംവിധാനത്തെ സ്തംഭിപ്പിക്കുകയും ചെയ്യുന്നു. ക്രമേണ കീടങ്ങള്‍ ഭക്ഷണം സ്വീകരിക്കാനാകാതെ നശിക്കുകയും ചെയ്യുന്നു.

ബി റ്റി ഉപയേഗിക്കുമ്പോള്‍ ചെടിയുടെ എല്ലാ ഭാഗത്തും എത്തത്തക്കവണ്ണം നന്നായി തളിക്കേണ്ടതാണ്. മുട്ടകള്‍ വിരിഞ്ഞ് ലാര്‍വ പുറത്തുവരുന്ന സമയത്തോ ലാര്‍വയുടെ വളര്‍ച്ചയുടെ ആരംഭദശയിലോ ബി റ്റി തളിക്കുന്നത് ഏറെ ഫലപ്രദമാണ്. കേരളത്തിലെ കാലാവസ്ഥയില്‍ ബി റ്റി കൂടുതല്‍ സമയം ഇലകളുടെ പ്രതലത്തില്‍ നിലനില്‍ക്കുന്നതിനാല്‍ മികച്ച ഫലം ഉണ്ടാകുന്നതായി കാണുന്നു. വിളകളെ ആക്രമിക്കുന്ന പുഴുക്കളെ നിയന്ത്രിക്കാന്‍ ഉപയോഗിക്കാം. 10 ഗ്രാം ഫോര്‍മുലേഷന്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് തളിക്കാവുന്നതാണ്.

5 . ബ്യൂവേറിയ ബാസിയാന

കീടങ്ങളില്‍ വൈറ്റ്മാസ് കാര്‍ഡിന്‍ എന്ന രേഗമുണ്ടാക്കുന്ന കുമിളാണ് ബ്യൂവേറിയ ബാസിയാന. ഇലകളേയും കായ്കളേയും ആക്രമിക്കുന്ന ദൃഢശരീരികളായ കീടങ്ങളെ നശിപ്പിക്കുന്ന ഈ കുമിള്‍ കീടങ്ങളുടെ പുറത്ത് സ്പര്‍ശിക്കുമ്പേള്‍ അത് കീടത്തിന്‍റെ ഉള്ളിലേക്ക് വളരുകയും വിഷവസ്തുക്കള്‍ ഉല്പാദിപ്പിക്കുകയും ചെയ്യുന്നു. ക്രമേണ കീടം ചത്തു പേകുന്നു.സ്പര്‍ശനത്തിലൂടെത്തന്നെ ഇത്‍ കീടങ്ങളെ ആക്രമിക്കുന്നതിനാല്‍ കീടനിയന്ത്രണത്തിന് ഏറെ ഫലപ്രദമാണ്. പച്ചക്കറിയുടെ ഇലതീനിപ്പുഴുക്കള്‍, മുഞ്ഞകള്‍, വെള്ളീച്ചകള്‍, വേരുതീനിപ്പുഴുക്കള്‍ തുടങ്ങിയവയ്ക്ക് ബ്യൂവേറിയ ബാസിയാന ഫലപ്രദമായി ഉപയോഗിക്കാവുന്നതാണ്. 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ഇളക്കി ചേര്‍ത്ത് ലായനി തയ്യാറാക്കുക. ലായനി തെളിയാനായി ഒരു മണിക്കൂര്‍ അനക്കാതെ വയ്ക്കുക. അതിനുശേഷം ഇലകളിലും ചെടിയുടെ മറ്റ് ഭാഗങ്ങളിലും തളിക്കുക.

6 . പാസിലോമൈസസ് ലൈലൈസിനസ്

നിമാവിരകളെ നിയന്ത്രിക്കുന്നതിനായി ഉപയോഗിക്കുന്ന ബാക്ടീരിയമാണ് പാസിലോമൈസസ് ലൈലൈസിനസ്

വിത്ത് പരിചരണത്തിന് ഒരു ലിറ്റര്‍ വെള്ളത്തില്‍ 10 ഗ്രാം കള്‍ച്ചര്‍ ചേര്‍ത്ത ലായനി ഉപയോഗിക്കുക.

മണ്ണില്‍ നേരിട്ട് പ്രയോഗിക്കുന്നതിന് ഒരു സെന്‍റിന് 50 ഗ്രാം എന്ന തോതില്‍ ഉപയോഗിക്കുക.

7 .  ഫ്യൂസേറിയം പാലിഡോറോസിയം

ഈ മിത്രകുമിള്‍ പച്ചക്കറിയെ ആക്രമിക്കുന്ന മുഞ്ഞ(പേന്‍) യെ നശിപ്പിക്കുന്നതിന് ഉപയോഗിക്കുന്നു.

admin:
Related Post