വൈക്കം വിജയലക്ഷ്മി വിവാഹത്തില്‍ നിന്ന് പിന്‍മാറി

മാര്‍ച്ച് 29 തൃശൂര്‍ സ്വദേശി സന്തോഷുമായി നടക്കാനിരുന്ന വിവാഹത്തില്‍ നിന്ന് ഗായിക വൈക്കം വിജയലക്ഷ്മി പിന്‍മാറി. വാര്‍ത്താ സമ്മേളനത്തിലുടെയാണ് വിജയലക്ഷ്മി ഇക്കാര്യം മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചത്.
സന്തോഷിന്റെ നിബന്ധനകളാണ് വിവാഹത്തില്‍ നിന്ന് പിന്‍മാറാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് വിജയലക്ഷി പറഞ്ഞു. സംഗീത പരിപാടികളില്‍ നിന്നും വിട്ടു നില്‍ക്കണമെന്നും സംഗീത അദ്ധ്യാപികയായി ജോലി ചെയ്താല്‍ മതിയെന്നും സന്തോഷ് പറഞ്ഞതായി വിജയലക്ഷ്മി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മാതാപിതാക്കളില്ലാത്ത സന്തോഷ് വിവാഹശേഷം തന്റെ വീട്ടില്‍ താമസിക്കാമെന്ന് നേരത്തെ സമ്മതിച്ചിരുന്നെങ്കിലും നിശ്ചയത്തിനു ശേഷം സന്തോഷിന്റെ ബന്ധുവിന്റെ വീട്ടില്‍ താമസിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നുവെന്നും വിജയലക്ഷ്മി പറഞ്ഞു.ആരുടെയും പ്രേരണയാലല്ല സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹത്തില്‍ നിന്ന് പിന്‍മാറുന്നതെന്നും വിജയലക്ഷ്മി വ്യക്തമാക്കി.

എബി റിവ്യു – Aby Malayalam Review

കുഞ്ഞിരാമായണത്തിനുശേഷം ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ. വര്‍ക്കി നിർമ്മിക്കുന്ന വിനീത് ശ്രീനിവാസൻ നായകനാകുന്ന മലയാളചിത്രമാണ് എബി . പറക്കാൻ ആഗ്രഹിക്കുന്ന ചെറുപ്പക്കാരന്റെ കഥ പറയുന്ന ചിത്രത്തിൽ വിനീതിനെക്കൂടാതെ അജു വര്‍ഗീസ്, മറീന മൈക്കിള്‍, സുരാജ് വെഞ്ഞാറമ്മൂട്, സുധീര്‍ കരമന, ബോളിവുഡ് താരം മനീഷ് ചൗധരി, വിനീതാ കോശി, ഹരീഷ് പേരടി എന്നിവർ വേഷമിട്ടിരിക്കുന്നു.

നവാഗതനായ ശ്രീകാന്ത് മുരളി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ സന്തോഷ് ഏച്ചിക്കാനം ഛായാഗ്രഹണം സുധീര്‍ സുരേന്ദ്രന്‍ എന്നിവരാണ് . ബിജിബാല്‍, അനില്‍ ജോണ്‍സണ്‍, ജെയ്‌സണ്‍ ജെ. നായര്‍ എന്നിവര്‍ സംഗീതം നൽകിയ ചിത്രത്തിൽ ഗാനങ്ങൾ എഴുതിയത് റഫീക്ക് അഹമ്മദ് ഉം , സന്തോഷ് വര്‍മയും ചേർന്നാണ് .

ആകാശത്തു പറന്നുയരാൻ ആഗ്രഹിക്കുന്ന എബി എന്ന വിനീത് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ചെറുപ്പകാലത്തുനിന്നാണ് കഥ തുടങ്ങുന്നത് . സ്വഭാവത്തിൽ ചെറിയ അസ്വാഭാവികതയുള്ള എബിയെ പഠിപ്പിക്കാനായി ഒരു സ്‌പെഷ്യല്‍ സ്‌കൂളില്‍ കൊണ്ട് ചേര്‍ക്കുന്നു. തുടർന്ന് സ്വപ്നങ്ങൾക്കു ചിറകുകൾ വിടർത്തി പറന്നുയരാൻ ആഗ്രഹിക്കുന്ന എബിയുടെ ജീവിതമാണ് ചിത്രം പറയുന്നത് .

എബിയ്ക്കു ചുറ്റും നേരിടാൻ വെല്ലുവിളികൾ ഏറെയാണ് . കുട്ടിക്കാലത്ത് സംസാരശേഷി ഇല്ലാതിരുന്ന എബി വളരുന്നതോടെ സംസാരിച്ചു തുടങ്ങുന്നു. ഗ്രാമത്തിൽ ജനിച്ച എബി ഒരുപാട് ഒരുപാട് സ്വപ്‌നങ്ങള്‍ പേറി ഗ്രാമത്തില്‍ നിന്ന് നഗരത്തിലേക്ക് ചേക്കേറുന്നു.

ഒരു വിമാനം ഉണ്ടാക്കി പറത്തുക എന്നുള്ളത് എബിയുടെ ആഗ്രഹവും സ്വപ്നവുമായി മാറുന്നു. നഗരത്തിലേക്ക് ചേക്കേറുന്ന എബി ആക്രി പെറുക്കുന്നവര്‍ക്കിടയിൽ ജീവിക്കേണ്ടതായി വരുന്നു . ഇതിനിടയിൽ വിമാന കമ്പനി നടത്തി കടം കയറിയ ഒരു മനുഷ്യന്‍ എബിയുടെ സ്വപ്നങ്ങൾക്കു കൂട്ടാകുന്നു .
വിമാനം നിർമ്മിക്കണം എന്ന ആഗ്രഹവുമായി നഗരത്തിലെത്തിയ എബിയ്ക്കു അയാൾ സഹായമാകുന്നു .

അച്ഛൻ തന്റെ സ്വപ്നങ്ങൾക്കു തടസ്സമാകുമെന്നതിനാലാണ് എബി നഗരത്തിലെത്തിയത്. ഇടക്ക് കളികൂട്ടുകാരിയെ കാണുന്ന ഗ്രാമത്തിലേക്കു തിരിച്ചുപോകാൻ ആഗ്രഹിക്കുന്നു , പക്ഷെ വിമാനം നിർമ്മിക്കുക എന്ന തന്റെ സ്വപ്നത്തിനു അച്ഛൻ എതിർക്കുമെന്നതിനാൽ അവൻ തിരിച്ചു പോകുന്നില്ല . വിഷമങ്ങളെല്ലാം മാറ്റിവെച്ചു എബി വിമാന നിർമാണനത്തിൽ ഏർപ്പെടുന്നു .വെല്ലുവിളികളെ അതിജീവിച്ച് തന്റെ സ്വപ്നസാക്ഷാത്ക്കാരത്തിലേക്ക് എബി പറന്നടുക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

എബിയുടെ ജീവിതത്തിലെ നാലു ഘട്ടങ്ങൾ ചിത്രത്തിലുണ്ട്.ഒരു കാലഘട്ടമൊഴികെ ബാക്കി എല്ലാം വിനീത് തന്നയാണ് അവതരിപ്പിച്ചിരിക്കുന്നത്. എബിയുടെ കുട്ടികാലം അവതരിപ്പിച്ചത് വസുദേവ് എന്ന കുട്ടിയുടെ പ്രകടനവും എടുത്തു പറയേണ്ടതാണ്.

വിനീതിന്റെ സിനിമ ജീവിതത്തിലെ ഒരു മികച്ച കഥാപാത്രമാണ് എബി. പേരു പോലെ തന്നെ ലളിതമാണ് എബി എന്ന സിനിമയും . അമിത പ്രതീക്ഷകളില്ലാതെ തിയറ്ററില്‍ പോയാല്‍ ആസ്വദിച്ചിറങ്ങാവുന്ന ഒരു കുടുംബ ചിത്രമാണ് എബി.

കോടതി മുറിയില്‍ നിന്ന് പള്‍സര്‍ സുനിയെ പോലീസ് പിടികൂടിദൃശ്യങ്ങൾ

കോടതി മുറിയില്‍ നിന്ന് പള്‍സര്‍ സുനിയെ പോലീസ് പിടികൂടിദൃശ്യങ്ങൾ കാണാം

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി പിടിയിൽ

കൊച്ചി ∙ നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി പോലീസിന്റെപിടിയിൽ . ഇന്നുച്ചയ്ക്ക് 1.15 ഓടെയാണ് സുനി എറണാകുളം എസിജെഎം കോടതിയിൽ കീഴടങ്ങാൻ അഭിഭാഷകർക്കൊപ്പം എത്തിയത് .എന്നാൽ സുനിയെയും വിജീഷിനെയും പോലീസ് ബലം പ്രയോഗിച്ച കസ്റ്റഡിയിൽ കൊണ്ടുപോകുകയായിരുന്നു . .ദേശീയപാതകളിൽ അടക്കം കനത്ത പരിശോധന നടത്തിയിരുന്ന പോലീസിന്‍റെ കണ്ണുവെട്ടിച്ചാണ് സുനി കോടതി പരിസരത്തു എത്തിയത് .

യുവ നടിക്കു നേരെയുണ്ടായ ആക്രമണത്തിന് ക്വട്ടേഷന്‍ നല്‍കിയത് ഒരു സ്ത്രീയെന്ന് മൊഴി

കൊച്ചി: കൊച്ചിയില്‍ യുവ നടിക്കു നേരെയുണ്ടായ അതിക്രമനത്തിന് ക്വട്ടേഷന്‍ നല്‍കിയത് ഒരു സ്ത്രീയെന്ന് മൊഴി. ക്വട്ടേഷന്‍ നല്‍കിയത് ഒരു സ്‌ത്രീ ആണെന്ന് സംഭവശേഷം പള്‍സര്‍ സുനി പറഞ്ഞെന്ന് നടി മൊഴില്‍കിയതായാണ് വിവരം. സംഭവത്തിന് ശേഷം ഒരു സ്ത്രീ വിളിക്കുമെന്നും സുനി പറഞ്ഞിരുന്നു .സുനിക്കായി പോലീസ്കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച് തിരച്ചില്‍ ഊര്‍ജിതമാക്കി.

ഇതിനിടയില്‍ നടിക്കു നേരെയുണ്ടായ അതിക്രമനത്തിന് എതിരെ മഞ്ജു വാര്യർ നിരാഹര സമരത്തിന് ഒരുങ്ങുന്നുവെന്ന വാർത്ത വ്യാജമാണെന്ന് അവരോട് അടുത്ത വൃത്തങ്ങൽ പറഞ്ഞു.നേരത്തെ നടി ആക്രമിക്കപ്പെട്ടപ്പോൾ ശക്തമായ നിലപാടുമായി മുൻപന്തിയിലെത്തിയ നടിയാണ് മഞ്ജു വാര്യർ. ക്രിമിനൽ ഗൂഢാലോചനയക്ക് പിന്നിൽ പ്രവർത്തിച്ചവരെ പുറത്ത് കൊണ്ടു വരണമെന്ന് മഞ്ജു ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് ആണ് നിരാഹാരക്കഥയുമായി ചില ഓൺലൈൻ മാധ്യമങ്ങൾ എത്തിയത്.

തുടര്‍ച്ചയായ ബാങ്ക് അവധി ജനങ്ങളെ ദുരിതത്തിലാക്കും

കൊച്ചി: ഈ മാസത്തെ അവസാന അഞ്ച് ദിനങ്ങളില്‍ ഒരു ദിവസം മാത്രമാണ് ബാങ്കുകൾ പ്രവര്‍ത്തിക്കുക. 24 മുതലാണ് തുടര്‍ച്ചയായി ബാങ്ക് അവധി തുടങ്ങുന്നത് . 24 വെള്ളിയാഴ്ച ശിവരാത്രി പ്രമാണിചുള്ള അവധിയും 25 നാലാം ശനി യും 26 ഞായറാഴ്ചയും ബാങ്കുകൾ അടഞ്ഞ് കിടക്കും .തുടര്‍ച്ചയായ മൂന്ന് ദിവസത്തെ അവധിക്ക് ശേഷം 27 തിങ്കളാഴ്ച ബാങ്കുകള്‍ തുറക്കും. എന്നാല്‍ 28 ന് ബാങ്ക് ജീവനക്കാര്‍ സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. പിന്‍വലിക്കാന്‍ സാധ്യത ഇല്ലാത്തതിനാല്‍ അന്നും ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. എടിഎമ്മുകളില്‍ പണം നിറയ്ക്കുന്നതിന് ബാങ്കുകള്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ഇത് ജനങ്ങളെ ശരിക്കും വലയ്ക്കും. പണം പിന്‍വലിക്കലിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ കഴിഞ്ഞ ദിവസമാണ് നീങ്ങിയത്. ഈ സാഹചര്യത്തില്‍ തുടര്‍ച്ചയായി വരുന്ന അവധി ജനങ്ങളെ കാര്യമായി ബാധിക്കും

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ മാർച്ച് മൂന്നിലേക്ക് മാറ്റി

കൊച്ചി: പൾസർ സുനിയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാർച്ച് മൂന്നിലേക്ക് മാറ്റി. സുനിയുടെയും കൂട്ടാളി വിജീഷിന്‍റെയും ജാമ്യാപേക്ഷയാണ് കോടതി മാറ്റി വച്ചിരിക്കുന്നത്. ഇതിനിടെ ഇവർ കീഴടങ്ങുമെന്നും റിപ്പോർട്ടുകളുണ്ട്. കീഴടങ്ങാൻ സാധ്യത ഉള്ള കോടതികളുടെ ചുറ്റും പൊലീസ് മഫ്തിയിൽ ചുറ്റുന്നുണ്ട്.ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മണികണ്ഠനെ ക‍ഴിഞ്ഞ ദിവസം പാലക്കാട് നിന്ന് പിടികൂടിയിരുന്നു.നടിയുടെ ഡ്രൈവര്‍ മാര്‍ട്ടിന്‍, വടിവാള്‍ സലിം, പ്രദീപ്, മണികണ്ഠന്‍ എന്നിവരാണ് ഇതുവരെ കേസില്‍ പിടിയിലായത്.

ആക്രമണവുമായി ബന്ധപ്പെട്ട് സിനിമാ മേഖലയിലുള്ളവരേയും ചോദ്യം ചെയ്യാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. പ്രധാന പ്രതിയായ പള്‍സര്‍ സുനിയുടെ ഒരുമാസത്തെ ടെലിഫോണ്‍ രേഖകള്‍ പരിശോധിച്ചത് പ്രകാരമാണ് സിനിമാക്കാരെ ചോദ്യം ചെയ്യാന്‍ നീക്കം നടത്തുന്നത്.മലയാള സിനിമാ മേഖലയിലെ ഗുണ്ടാ സാന്നിധ്യത്തെ കുറിച്ച് കെബി ഗണേഷ് കുമാര്‍ എംഎല്‍എ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

ആക്രമണം നടന്ന ദിവസത്തെ പള്‍സര്‍ സുനിയുടെ ഫോണ്‍ കോളുകള്‍ സംശയാസ്പദമാണെന്നും അന്വേഷണ സംഘം വിലയിരുത്തിയിട്ടുണ്ട്. പള്‍സര്‍ സുനിയുടെയും വിജീഷിന്‍റെയും ഇടപാടുകളും പരിശോധിക്കുന്നുണ്ട്. ആക്രമണം നടത്തിയശേഷവും സുനി ഇവരുമായി ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് വിവരങ്ങള്‍.

നടി ഭാവനയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം

കൊച്ചി: ചലച്ചിത്ര നടി ഭാവനയെ ഇന്നലെ രാത്രി കാർതടഞ്ഞു തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച സംഭവത്തിൽ ഭാവന സഞ്ചരിച്ച കാറിന്‍റെ ഡ്രൈവർ മാർട്ടിൻ അറസ്റ്റിൽ .മുൻ ഡ്രൈവർ പൾസർ സുനി എന്നറിയപ്പെടുന്ന സുനിൽ കുമാർ ഉൾപ്പെട്ട അഞ്ചംഗ സംഘമാണ് സംഭവത്തിന് പിന്നില്ലെന്ന് പൊലീസ് അറിയിച്ചു.മാര്‍ട്ടിനും സുനിലും ഉള്‍പ്പെട്ട സംഘം മുന്‍ കൂട്ടി തയ്യാറാക്കിയ പദ്ധതിയായിരുന്നുവെന്നാണ് പോലീസ് സംശയിക്കുന്നത്.

പുലർച്ചെ ഒന്നരക്ക് തൃശൂരിൽ നിന്ന് എറണാകുളത്തേക്ക് കാറിൽ വരവെ നെടുമ്പാശേരി അത്താണിയിലാണ് സംഭവം. സിനിമ ഷൂട്ടിങ്ങിന് ശേഷം ഡബ്ബിങ്ങിനായി കൊച്ചിയിലേക്ക് വരികയായിരുന്നു ഭാവന. കാറിനെ പിന്തുടർന്ന് പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനം ഭാവനയുടെ വാഹനത്തിൽ ഇടിക്കുകയും ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും ചെയ്തു. തുടർന്ന് അഞ്ചംഗ സംഘം ബലം പ്രയോഗിച്ച് കാറിൽ കയറി രണ്ടു മണിക്കൂറിലേറെ എറണാകുളം നഗരത്തിൽ ചുറ്റിക്കറങ്ങിയ വാഹനം പുലർച്ചെയോടെ പാലാരിവട്ടത്തിന് സമീപം ഭാവനയെയും വാഹനവും ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് മറ്റൊരു വാഹനത്തിൽ അക്രമി സംഘം കടന്നു കളഞ്ഞു.

പിന്നീട് വാഴക്കാലയിലുള്ള ഒരു സംവിധായകന്റെ വീട്ടിലെത്തി ഭാവന സഹായം അഭ്യര്‍ഥിക്കുകയായിരുന്നു.തുടർന്ന് അദ്ദേഹം എറണാകുളം റേഞ്ച് ഐ.ജി പി. വിജയനോട് സംഭവങ്ങൾ ടെലിഫോണിലൂടെ അറിയിക്കുകയായിരുന്നു .

മുൻ ഡ്രൈവർ ഉൾപ്പെട്ട സംഘമാണ് തന്നെ ആക്രമിച്ചതെന്നും ഇവർ തന്‍റെ ചിത്രങ്ങൾ പകർത്തിയതായും ഭാവന കളമശേരി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.എറണാകുളം നഗരത്തിലെയും റൂറലിലെയും പൊലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്.

കുളം വറ്റിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം : ബാബു രാജിന് പറയാനുള്ളത്

തനിക്കു വെട്ടേറ്റ സംഭവത്തിൽ പുറത്തുവരുന്നത് തെറ്റിദ്ധരിക്കപ്പെട്ട വാർത്തകളാണെന്ന് നടൻ ബാബുരാജ്. കുളം വറ്റിക്കാൻ പോയതല്ലെന്നും കുളം വൃത്തിയാക്കാൻ എത്തിയതായിരുന്നുവെന്നും ബാബു രാജ് അവകാശപ്പെട്ടു. ഇതിനെക്കുറിച്ചു എനിക്ക് നിങ്ങളോടു പറയാനുള്ളത് എന്ന തലക്കെട്ടോടെ ഒരു വീഡിയോ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിൽ പബ്ലിഷ് ചെയ്തു .വീഡിയോ കാണാം

മോഹന്‍ലാല്‍ പുലിയെ തൊട്ടിട്ടില്ല: ജി.സുധാകരന്‍

പുലിമുരുകൻ സിനിമയിൽ മോഹൻലാൽ പുലിയെ തൊട്ടിട്ടില്ലെന്നും ഇക്കാര്യം തനിക്ക് വ്യക്തമായി അറിയാമെന്നും  മന്ത്രി ജി സുധാകരൻ. ചെമ്മീന്‍ സിനിമയുടെ അമ്പതാം വാര്‍ഷികാഘോഷത്തിന്റെ സ്വാഗതസംഘ രൂപീകരണ യോഗത്തിലാണ് ജി.സുധാകരന്‍ മോഹൻലാലിനെതിരെ തുറന്നടിച്ചത്.

‘സിനിമയുടെ നിര്‍മ്മാണ ചെലവ് നോക്കി നിലവാരം അളക്കുന്ന കാലമാണിത്. മനുഷ്യജീവിതവുമായി ബന്ധപ്പെട്ട നല്ല സിനിമകള്‍ ഉണ്ടാകണം എന്നും ഇന്നത്തെ നടിമാര്‍ ഗ്ലാമറസ്സായി ശ്രദ്ധ നേടാന്‍ മാത്രമാണ് ശ്രമിക്കുന്നതെന്നും മന്ത്രി  പറഞ്ഞിരുന്നു.

 

നെഹ്റുകോളേജിലെ വൈസ് പ്രിൻസിപ്പലിന്‍റെ മുറിയിൽ രക്തക്കറ

തൃശൂർ: ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് ഫോറൻസിക് പരിശോധനയിലാണ് പാമ്പാടി നെഹ്റു കോളേജിലെ ഇടിമു‌റിയെന്ന് വിശേഷിപ്പിച്ചിരുന്ന വൈസ് പ്രിൻസിപ്പലിന്‍റെ മുറിയിൽ നിന്ന്  പൊലീസ് രക്തക്കറ കണ്ടെത്തിയത് . വെള്ളിയാഴ്ച ക്ലാസ് തുടങ്ങാനിരിക്കെയാണ് പൊലീസ് സ്ഥലത്തെത്തി വീണ്ടും പരിശോധന നടത്തിയത് .ജിഷ്ണു പ്രണോയിയെ ഇവിടെവച്ച് മര്‍ദിച്ചിരുന്നെന്നാണ് പൊലീസ് കരുതുന്നത് . ജിഷ്ണു മരിച്ച നിലയിൽ കാണണപ്പെട്ട മുറിയിലും രക്തക്കറ കണ്ടെത്തിയിരുന്നു.ക്ലാസ് മുറികളിലെ നശിപ്പിക്കപ്പെട്ട സിസിടിവി ദൃശ്യങ്ങൾ വീണ്ടെടുക്കാനും  പോലീസ് ശ്രമം തുടങ്ങിയിട്ടുണ്ട് .

വൈസ് പ്രിൻസിപ്പലിന്‍റെ മുറിയിൽനിന്ന് രക്തക്കറ കണ്ടെത്തിയതോടെ ജിഷ്ണുവിന്റെ മരണം കൊലപാതകമാണെന്ന് ആവർത്തിച്ചു കുടുംബം രംഗത്തെത്തി.

ജിഷ്ണുവിന്‍റെ മരണത്തിൽ നെഹ്റു കോളേജ് ചെയർമാൻ ഉൾപ്പെടെ അഞ്ച് പേരെ പ്രതിചേർത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിനിടെ ചെയർമാൻ കൃഷ്ണദാസിന് കോടതി മുൻകൂർ ജാമ്യവും അനുവദിച്ചിരുന്നു.

 

ജിഷ്ണു പ്രണോയിയുടെ വീട് വി.എസ് അച്യുതാനന്ദൻ സന്ദർശിച്ചു

വടകര: പാമ്പാടി നെഹ്‌റു കോളജിലെ ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷണം വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് വി.എസ് അച്യുതാനന്ദന്‍. പ്രതികള്‍ക്കെതിരെ കേസെടുത്ത് ജയിലലടയിക്കണമെന്നും അദ്ദേഹം പറഞ്ഞു.ജിഷ്ണു പ്രണോയിയുടെ വീട് സന്ദര്‍ശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജിഷ്ണുവിന്‍റെ മാതാപിതാക്കളുമായി സംസാരിച്ച വി.എസ് കേസ് മുന്നോട്ടുകൊണ്ടുപോകുന്നതിന് എല്ലാ സഹായവും വാഗ്ദാനം ചെയ്തു.

അതിനിടെ നെഹ്രു ഗ്രൂപ്പ് ചെയർമാൻ പി കൃഷ്ണദാസിനെ അറസ്റ്റ് ചെയ്യുന്നതിനെ ഹൈക്കോടതി താൽകാലികമായി സ്റ്റേ ചെയ്തു. ഈ മാസം 20 വരെ കൃഷ്ണദാസിനെ അറസ്റ്റ് ചെയ്യരുതെന്നും ഹൈക്കോടതി നിർദേശം. കൃഷ്ണദാസിന്‍റെ മുൻകൂർ ജാമ്യാപേക്ഷയിലാണ് നിർദേശം.